

തിരുവനന്തപുരം: വൈദ്യുതി എത്ര കാലം ഉണ്ടാകുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കാലാവസ്ഥയില്‍ വന്ന വലിയ വ്യതിയാനമാണ് പ്രതിസന്ധിക്ക് കാരണം. വൈദ്യുതിയുടെ ഉപയോഗത്തില്‍ വലിയ തോതില്‍ വര്‍ദ്ധനവ് ഉണ്ടായി. കഴിഞ്ഞ വര്‍ഷം ആവശ്യമായിരുന്നത് 3500 മുതല്‍ 3600 വരെ മെഗാവാട്ട് വൈദ്യുതിയായിരുന്നെങ്കില്‍ ഇത്തവണ അത് 4600 മുതല്‍ 4800 മെഗാവാട്ട് വരെയായി ഉയര്‍ന്നു. പുതിയ സ്ഥാപനങ്ങളും വീടുകളും ഇലക്ട്രിക് വാഹനങ്ങളും പുതിയ ഉപകരണങ്ങളും അടക്കം വന്നതോടെ വൈദ്യുതിയുടെ ഉപയോഗം വര്‍ദ്ധിച്ചു. അതേസമയം വൈദ്യുതിയുടെ ഉത്പാദനം കുറഞ്ഞുവെന്നും സണ്ണി ജോസഫ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജലസംഭരണിയില്‍ ജലത്തിന്റെ അളവ് വലിയ രീതിയില്‍ കുറഞ്ഞു. കഴിഞ്ഞ തവണ 60 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 28 ശതമാനമാണ്. വൈദ്യുതി ഉത്പാദനത്തില്‍ കുറവും ഉപഭോഗത്തില്‍ വലിയ വര്‍ദ്ധനവും ഉണ്ടായി. ഇതും പ്രതിസന്ധിക്ക് കാരണമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനായി ദീര്‍ഘകാല കരാറുകള്‍ പുനഃസ്ഥാപിക്കാനുള്ള നിയമപരമായ സാധ്യതകള്‍ പരിശോധിച്ചുവരികയാണ്.. ജൂണ്‍ മാസത്തില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഏപ്രില്‍, മെയ് മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഹ്രസ്വകാല കരാറിലൂടെ കൂടുതല്‍ വില നല്‍കി വൈദ്യുതി വാങ്ങാന്‍ ശ്രമിക്കും. ഇതിനായി കമ്മീഷനോട് അനുമതി തേടിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
രാത്രികാലങ്ങളില്‍ വൈദ്യുതിയുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം. അലങ്കാര ലൈറ്റുകള്‍ അടക്കം അനാവശ്യ ഉപയോഗം കുറയ്ക്കണം. വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എയര്‍ കണ്ടീഷന്‍ ഉപയോഗിക്കുമ്പോള്‍ 27 ഡിഗ്രി സെല്‍ഷ്യസില്‍ താഴരുത് എന്നത് അത്തരത്തില്‍ ഒരു നിര്‍ദ്ദേശമായിരുന്നു. രാത്രി കാലങ്ങളില്‍ ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നത് കുറയ്ക്കണം. മുന്‍മന്ത്രി എ കെ ബാലന്‍ ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന മുന്നോട്ടുവയ്ക്കണമെന്ന് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വരുന്നതിന് മുന്‍പ് കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടായിരുന്നു. നിലവിലെ പ്രതിസന്ധി പുതിയ കാര്യമല്ല. സോളാര്‍ ഊര്‍ജം സംഭരിക്കാന്‍ സംവിധാനമില്ലെന്നും ബിഇഎസ്എസ് സംവിധാനങ്ങള്‍ ഫലപ്രദമാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാണെന്നുള്ള വിവരവും പുറത്തുവന്നു, 2025 ജൂലൈ മാസത്തെ പീക്ക് ടൈം ആവശ്യകത 3500-3600 മെഗാവാട്ട് ആയിരുന്നെങ്കില്‍ ഈ വര്‍ഷം ജൂലൈയില്‍ അത് 4600-4800 മെഗാവാട്ട് വരെയായി. കഴിഞ്ഞ വര്‍ഷം ജൂലൈ പ്രതിദിന ഉപയോഗം 70 ദശലക്ഷം യൂണിറ്റായിരുന്നെങ്കില്‍ ഈ വര്‍ഷം ജൂലൈയില്‍ അത് 78ദശലക്ഷം യൂണിറ്റായി. 2025 ജൂലൈയിലെ ജലവൈദ്യുത ഉത്പാദനം 45 ദശലക്ഷം യൂണിറ്റാണെങ്കില്‍ ഈ വര്‍ഷം അത് 14-17 ദശലക്ഷം യൂണിറ്റ് മാത്രമായി. ഇടുക്കി ജില്ലയില്‍ മഴ ലഭ്യതയില്‍ 55 ശതമാനം കുറവാണുണ്ടായത്.
നിലവിലുള്ള ഊർജ ലഭ്യത
*കേന്ദ്ര ഉത്പാദന നിലയങ്ങള്‍ - 1700 മെഗാവാട്ട്
*ദീര്‍ഘകാല കരാറുകള്‍ -650 മെഗാവാട്ട്
*ഹ്രസ്വകാല കരാറുകള്‍ -150 മെഗാവാട്ട്
*ആഭ്യന്തര ഉത്പാദനം -1600 മെഗാവാട്ട്
*ആകെ വൈദ്യുതി ലഭ്യത - 4100 മെഗാവാട്ട്
*വൈദ്യുതി ആവശ്യകത -4600-4800 മെഗാവാട്ട്
*വൈദ്യുതി ലഭ്യതയില്‍ 500-600 മെഗാവാട്ട് കുറവ്
Content Highlights- Authorities have appealed to the public to reduce electricity consumption during night hours, saying the duration of the ongoing power crisis cannot be predicted