

തിരുവനന്തപുരം: തെഞ്ഞെടുപ്പ് ഫണ്ട് വിവാദത്തില്‍ ബിജെപിയില്‍ ആഭ്യന്തര അന്വേഷണം ഉണ്ടായേക്കും. ക്രമക്കേട് കണ്ടെത്താന്‍ മണ്ഡലം അടിസ്ഥാനത്തില്‍ പരിശോധനയ്ക്കാണ് നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മറ്റന്നാള്‍ കേരളത്തില്‍ എത്തും. അതേസമയം പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിവരങ്ങള്‍ പുറത്തു പോയതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു വിഭാഗം വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നെന്ന ആരോപണവും നേതൃത്വം ഉന്നയിക്കുന്നുണ്ട്. വിവരങ്ങള്‍ പുറത്തു പറയുന്നവരിലേക്കും അന്വേഷണം നീളുമെന്നാണ് വിവരം.
എന്നാല്‍ കൊടി വാങ്ങിയെന്ന് കാട്ടി വ്യാജ ബില്ല് സമര്‍പ്പിച്ചതില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. 3.25 ലക്ഷം രൂപയ്ക്ക് കൊടി വാങ്ങി എന്ന വ്യാജ ബില്ലില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നാണ് ആരോപണം. വാമനപുരം സ്വദേശിയായ കടയുടമ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫണ്ടില്‍ നേരത്തെ മണ്ഡല തലം മുതല്‍ കേന്ദ്ര തലം വരെ ഓഡിറ്റ് നടത്തിയെന്നായിരുന്നു ബിജെപി നല്‍കിയിരുന്ന വിശദീകരണം. പിന്നാലെയാണ് കോടികളുടെ ക്രമക്കേടുകള്‍ പുറത്തുവന്നിരിക്കുന്നത്. പ്രധാന മന്ത്രിയുടെ സന്ദര്‍ശന സമയത്ത് പ്ലക്കാര്‍ഡ് വാങ്ങിയതിലടക്കം ക്രമക്കേട് ഉണ്ടെയെന്നായിരുന്നു കണ്ടെത്തല്‍. വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തതില്‍ വരെ ക്രമക്കേട് കണ്ടെത്തിയിരുന്നു.
കേന്ദ്ര നേതൃത്വം സൗജന്യമായി നല്‍കിയ പാര്‍ട്ടി പതാക മുതല്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തതില്‍ വരെ ക്രമക്കേട് നടത്തിയെന്നും കേന്ദ്ര നേതൃത്വം കണ്ടെത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടൊപ്പം നില്‍ക്കുന്ന ഭാരവാഹികളാണ് വിഷയത്തില്‍ പ്രതിക്കൂട്ടിലെന്നാണ് വിവിവരം. കേന്ദ്ര നേതൃത്വം സൗജന്യമായി നല്‍കിയ കൊടിക്ക് മൂന്നേകാല്‍ ലക്ഷം രൂപ എന്ന് ബില്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതെന്നായിരുന്നു പുറത്തു വന്ന വിവരം. സമൂഹ മാധ്യമങ്ങളില്‍ പണം തട്ടാന്‍ ഉപയോഗിച്ച ബില്‍ പ്രചരിച്ചിരുന്നു. എ എ ഏജന്‍സിയുടെ പേരിലുള്ള ബില്‍ വഴി പണം തട്ടിയത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ചുമതലക്കാരനെന്നായിരുന്നു റിപ്പോര്‍ട്ട്. എ എ ഏജന്‍സിയില്‍ കൊടി വില്‍ക്കാറേയില്ലെന്നായിരുന്നു കമ്പനി ഉടമ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. ഇതില്‍ കടയുടമ നല്‍കിയ പരാതിയിലാണ് കോസെടുത്തിട്ടില്ലെന്ന ആരോപണമുയര്‍ന്നിരിക്കുന്നത്.
ദേശീയ നേതാക്കള്‍ എത്തുന്ന സമയങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ റൂമുകള്‍ ബുക്ക് ചെയ്തിരുന്നു. ഇതിന്റെ ബില്ല് രണ്ടും മൂന്നും ഇരട്ടിയായി കാണിച്ചെന്നും കണ്ടെത്തലുണ്ട്. ഹെലികോപ്റ്റല്‍ വാടകയ്ക്കെടുത്ത് അതില്‍ സഞ്ചരിച്ച മണിക്കൂറുകള്‍ കൂട്ടി കാണിച്ച് അതിന്റെ പേരിലും സംസ്ഥാന നേതാക്കള്‍ പണം തട്ടിയതായാണ് വിവരം. തട്ടിപ്പ് നടത്തിയ പല നേതാക്കള്‍ക്കും ബജെപി ഭരണമുള്ള സഹകരണ ബാങ്കുകളിലടക്കം വലിയ തുക വായ്പ ഉണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പിന് ശേഷം ഇത് ഒറ്റ തവണയായി അടച്ചു തീര്‍ത്തെന്നും ആരോപണമുണ്ട്. പല നേതാക്കള്‍ക്കെതിരെയും ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് വിവരം.
Content Highlights: The BJP is likely to initiate an internal inquiry into the election fund controversy by conducting constituency-level reviews to identify possible irregularities. Reports also indicate dissatisfaction within the party leadership over the alleged leak of internal information, while State President Rajeev Chandrasekhar is expected to arrive in Kerala soon.