

കോണ്‍ഗ്രസ്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ എസ്‌ഐടിയെ വെല്ലുവിളിച്ചതില്‍ കേസെടുക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ജിതിന്‍ എസ്ഐടിയെ ഭീഷണിപ്പെടുത്തിയെന്നും ഇതില്‍ കേസെടുക്കണമെന്നുമാണ് ആവശ്യം. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് റൂറല്‍ എസ് പിക്ക് പരാതി നല്‍കി. സ്‌ക്രീന്‍ ഷോട്ട് 10 പേര്‍ക്കെങ്കിലും അയച്ചത് തെളിയിക്കണം എന്നായിരുന്നു ജാമ്യത്തില്‍ ഇറങ്ങിയ ജിതിന്റെ വെല്ലുവിളി. ഫേസ്ബുക്ക് പോസ്റ്റിയൂടെയായിരുന്നു വെല്ലുവിളി.
വിഷയത്തില്‍ ജിതിന്റെ ജാമ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ജിതിന് സിപിഐഎം സ്വീകരണം നല്‍കിയ സംഭവത്തില്‍ ജിതിനെ ഒന്നാം പ്രതിയാക്കി വടകര പോലീസ് രണ്ട് കേസുകള്‍ എടുത്തിരുന്നു. സര്‍ക്കാരിനെയും പൊലീസിനെയും വെല്ലുവിളിച്ച് നാട്ടില്‍ ലഹള സൃഷ്ടിക്കാന്‍ ശ്രമം നടത്തിയെന്നായിരുന്നു വടകര പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍.
പത്ത് പേര്‍ക്കെങ്കിലും സ്‌ക്രീന്‍ഷോട്ട് അയച്ച് നല്‍കിയെന്ന് തെളിയിക്കാനാകുമോ എന്ന് വെല്ലുവിളി ഉയര്‍ത്തിയാണ് സമൂഹമാധ്യമങ്ങളിലൂടെ ജിതിന്‍ ഭാസ്‌കര്‍ പ്രതികരിച്ചത്. പാര്‍ട്ടി നേതൃത്വം പറഞ്ഞത് കൊണ്ടാണ് കൂടുതല്‍ പ്രതികരിക്കാത്തതെന്നും ജിതിന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെയാണ് എല്‍ഡിഎഫിന് വേണ്ടി പ്രചരണം നടത്തിയിരുന്നത്. ഇതില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പടെ 250ഓളം പേരുണ്ട്. താന്‍ 200 പേര്‍ക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എന്നാണല്ലോ പറയുന്നത്. എന്നാല്‍ താന്‍ 10 പേര്‍ക്കെങ്കിലും കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അയച്ചതിന് തെളിവ് തരാനാകുമോ എന്നായിരുന്നു ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി. ഇത് കാണിക്കാനായാല്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ താനാണെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞിന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമുള്ള ജിതിന്‍ ഭാസ്‌കറിന്റെ ആദ്യ പ്രതികരണമായിരുന്നു അത്.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നാണ് ജിതിന്‍ ഭാസ്‌കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാന ഫോറന്‍സിക്ക് വിഭാഗത്തിന് ഫോണ്‍ അയക്കണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ജിതിന്‍ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിന്‍ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നുമായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
Content Highlights: The Youth Congress has approached the Rural SP seeking a case against DYFI leader Jithin Bhaskar over his social media remarks related to the screenshot case. The complaint alleges that the post sought to intimidate the SIT, while Jithin had challenged investigators to prove the screenshot was shared with at least ten people.