'സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം'; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും

സത്യപ്രതിജ്ഞ ചെയ്യാന്‍ താല്‍ക്കാലികമായി ജയിലില്‍ നിന്ന് വിട്ടയക്കണം എന്നായിരുന്നു സുഗതന്‍റെ ആവശ്യം

'സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം'; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും
dot image

കൊച്ചി: തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താം. വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ നടത്താമെന്ന് ആഭ്യന്തര വകുപ്പ് ഹെക്കോടതിയെ അറിയിക്കും. കാപ്പാ കേസില്‍ പ്രതിയായതിനാല്‍ ജയിലില്‍ നിന്നും പുറത്തുവിടാനാകാത്ത സാഹചര്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് സുഗതന്‍ നല്‍കിയ ഹര്‍ജിയിലാണ് മറുപടി.


സത്യപ്രതിജ്ഞ ചെയ്യാന്‍ താല്‍ക്കാലികമായി ജയിലില്‍ നിന്ന് വിട്ടയക്കണം എന്നായിരുന്നു ആവശ്യം.
നാളെ രാവിലെ 11 മണിക്കാണ് സുഗതന്റെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്.

കൗണ്‍സിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്‍ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ക്കുകയായിരുന്നു. മജിസ്ട്രേറ്റ് കോടതിയല്ല ഹൈക്കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. പിന്നാലെയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.


ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് സുഗതന്റെ ഉള്‍പ്പെടെ 20 കൗസിലര്‍മാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. കാപ്പ ചുമത്തി ജയിലിലായതിനാല്‍ സുഗതന് മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് ഒപ്പം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. ആറുമാസത്തെ കാപ്പാ തടവ് കാപ്പ ഉപദേശക സമിതിയും ശരി വെച്ചിരുന്നു. ഇതോടെ സുഗതന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. കോടതിയുടെ അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്യാനായില്ലെങ്കില്‍ സുഗതന്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും. ഇത് കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപിക്ക് തിരിച്ചടിയാകും.

Content Highlights: The swearing-in ceremony of Thiruvananthapuram BJP councillor R. Sugathan can be held inside jail, according to reports

dot image
To advertise here,contact us
dot image