വീഴ്ചകള്‍ പരിഹരിക്കാന്‍ പ്രാദേശിക തലത്തില്‍ ക്ലാസുകള്‍; തിരുത്തല്‍ നിര്‍ദേശവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി

സ്ഥാനമോഹികളെ കണ്ടെത്തി നീക്കം ചെയ്യാനും പ്രവര്‍ത്തകരുടെ ബോധവത്കരണത്തിനായി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ നേരിട്ട് ഇടപെടാനും തീരുമാനിച്ചു

വീഴ്ചകള്‍ പരിഹരിക്കാന്‍ പ്രാദേശിക തലത്തില്‍ ക്ലാസുകള്‍; തിരുത്തല്‍ നിര്‍ദേശവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി
dot image

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ അടിത്തട്ടില്‍ സംഘടനാ ദൗര്‍ബല്യമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. പ്രവര്‍ത്തകര്‍ക്കിടയിലുള്ള വീഴ്ചകള്‍ പരിഹരിക്കാന്‍ പ്രാദേശിക തലത്തില്‍ ക്ലാസുകള്‍ സജീവമാക്കാന്‍ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. സ്ഥാനമോഹികളെ കണ്ടെത്തി നീക്കം ചെയ്യാനും പ്രവര്‍ത്തകരുടെ ബോധവത്കരണത്തിനായി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ നേരിട്ട് ഇടപെടാനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും.

കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഓരോ ഇടങ്ങളേയും പ്രത്യേകം ഊന്നിപ്പറഞ്ഞുള്ള ചര്‍ച്ച നടന്നെന്നാണ് വിവരം. തദ്ദേശ തെരഞ്ഞടുപ്പ് തോല്‍വിക്ക് പിന്നാലെ ചില തിരുത്തല്‍ നടപടികള്‍ ആവിഷ്‌ക്കരിച്ചെങ്കിലും അതൊന്നും നടപ്പിലായില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. സ്ഥാന മോഹികള്‍ പാര്‍ട്ടിയില്‍ തുടരുന്നത് തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്നും കണ്ടെത്തലുണ്ട്. മുന്‍പില്ലാത്ത വിധം പാര്‍ട്ടിയുടെ മുതിർന്ന നേതാക്കളടക്കം വിമതരായി രംഗപ്രവേശം ചെയ്തത് ഇതിന്റെ ഭാഗമാണ്. ഇതിനെ മറികടക്കാനാവശ്യമായ തിരുത്തല്‍ സമീപനം പാര്‍ട്ടിക്കുള്ളിലുണ്ടാകണമെന്നും യോഗത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം നേതൃത്വത്തിലുള്ളവരില്‍ നിന്നുള്‍പ്പടെ ഉണ്ടായത് തിരിച്ചടിയായെന്നും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബ്രാഞ്ച് തലങ്ങളില്‍ പാര്‍ട്ടി തീര്‍ത്തലും ദുര്‍ബലമായി. ബഹുജന പ്രക്ഷോഭങ്ങളിലൂടെ സംഘടനാക്കരുത്ത് വീണ്ടെടുക്കേണ്ടത് തിരിച്ചുവരവിന് അനിവാര്യമാണെന്നും കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി. പാര്‍ട്ടി പ്രവര്‍ത്തന ശൈലിയില്‍ കാര്യമായ മാറ്റം വേണം. കൂടുതല്‍ ജന വിഭാഗങ്ങളെ ഒപ്പം നിര്‍ത്തണം. എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലാനാകണം. കേരളത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടായെന്ന വിമര്‍ശനവും വീണ്ടുമുയര്‍ന്നു. ഇതേച്ചൊല്ലിയുള്ള പരാതികളെ പരിഹാസപൂര്‍വം നേതൃത്വം കണ്ടെന്നും ചിലര്‍ വിമര്‍ശിച്ചു. അമിത ആത്മവിശ്വാസം വിനയായിട്ടുണ്ട്. ഇടതുപക്ഷ നയങ്ങളില്‍ നിന്നും കേരത്തിലെ ഇടത് സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന വിമര്‍ശനവുമുണ്ടായി. പാര്‍ട്ടിയില്‍ നിലവില്‍ നടക്കുന്ന പരസ്യ പ്രതികരണങ്ങളില്‍ ജനറല്‍ സെക്രട്ടറി എം എ ബേബി ഇന്നലെ പരോക്ഷമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Content Highlights: The CPIM Central Committee reviewed organisational shortcomings at the grassroots during its election assessment meeting. The leadership proposed strengthening local-level training, identifying role-seekers, and increasing direct engagement by Central Committee members to improve cadre awareness and party functioning.

dot image
To advertise here,contact us
dot image