

പ്രീ ക്വാർട്ടറിൽ നോർവേയോട് തോറ്റ് ബ്രസീൽ പുറത്തായത് വലിയ നിരാശയായിരുന്നു .2002 ന് ശേഷം ആറാം കനക കിരീടം ഉയർത്താമെന്ന സ്വപ്നം പൊലിഞ്ഞ് ബ്രസീൽ ഒരിക്കൽ കൂടി നിരാശയോടെ മടങ്ങി. ഇത്തവണയും കിരീടമില്ലാതെ മടങ്ങിയതോടെ 2030ൽ കാത്തിരിപ്പിന്റെ ദൈർഘ്യം 28 വർഷത്തിൽ എത്തും.
ഈ ടൂർണമെന്റിൽ ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ വിനീഷ്യസ് ജൂനിയർ തകർന്ന ലോകകപ്പ് സ്വപ്നവുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും ഇതുവരെ നടത്തിയിരുന്നില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.
'ഏകദേശം നാല് വർഷങ്ങൾക്ക് ശേഷം ലോകകപ്പിലെ മറ്റൊരു കടുത്ത നിരാശയ്ക്ക് പിന്നാലെ എന്ത് എഴുതണം എന്ന് എനിക്കൊരു പിടിയുമുണ്ടായിരുന്നില്ല. എല്ലാ പ്രായത്തിലുമുള്ള നിരവധി ആളുകൾ എന്നെ പിന്തുണയ്ക്കുന്നതും ഞങ്ങളുടെ സ്വപ്നത്തെ നെഞ്ചേറ്റുന്നതും ഞാൻ കണ്ടു.
അതുകൊണ്ടുതന്നെ ഇപ്പോൾ നിശബ്ദനായിരിക്കുന്നത് അവരോട് ചെയ്യുന്ന അനീതിയായിരിക്കും.'
'പക്ഷേ എനിക്ക് കാര്യങ്ങൾ ചിന്തിച്ചുറപ്പിക്കാൻ കുറച്ചു ദിവസങ്ങൾ വേണ്ടി വന്നു. ദേശീയ ടീമിന്റെ ജേഴ്സി അണിയുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനമാണ്. എന്നാൽ ഒരു ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ കളം വിടേണ്ടി വരിക എന്നത് വിവരിക്കാൻ കഴിയാത്തത്ര വേദന നിറഞ്ഞ ഒരു വികാരമാണ്.' മൗനം വെടിഞ്ഞ് താരം കുറിച്ചു.
വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, നെയ്മർ ജൂനിയർ, മാർക്വിഞ്ഞോസ്, മാത്യാസ് കുന്യ തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരന്ന സെലക്കാവോകളിൽ ഇത്തവണ ആരാധകർക്ക് വലിയ പ്രതീക്ഷയായിരുന്നു. ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങൾക്ക് കീഴിലാണ് അവർ കളത്തിലിറങ്ങിയത്. എന്നാൽ ഇത്തവണയും നിരാശയോടെ മടങ്ങാനായിരുന്നു കാനറികളുടെ വിധി.
Content highlight: vinicius jr breaks silence apologizes brazil world cup defeat