

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കരാറിന് വിരുദ്ധമായി ജിഎസ്ടി കൈവശപ്പെടുത്താന്‍ ശ്രമിച്ച് അദാനി പോര്‍ട്ട്. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നല്‍കിയ തുകയിലാണ് ജിഎസ്ടി കൈവശപ്പെടുത്തിയത്. കരാറിന് വിരുദ്ധമായി 85 കോടി രൂപയാണ് അദാനി പോര്‍ട്ട് കൈവശപ്പെടുത്തിയത്. അദാനി പോര്‍ട്ടിന്റെ അപേക്ഷയില്‍ തുറമുഖ കമ്പനി പണം നല്‍കി. 2023-ലാണ് അദാനി പോര്‍ട്ടിന് ജിഎസ്ടി ഇനത്തില്‍ 85 കോടി രൂപ നല്‍കിയത്. ജിഎസ്ടി നല്‍കിയത് കരാറിന് വിരുദ്ധമായ നടപടിയാണ് എന്നാണ് സിഎജി പറയുന്നത്. തുറമുഖ കമ്പനിയുടെ ഓഡിറ്റിങ്ങിലാണ് സിഎജിയുടെ കണ്ടെത്തല്‍.
കരാറിന് വിരുദ്ധമായി കരസ്ഥമാക്കിയ പണം തുറമുഖ കമ്പനി തിരിച്ചു പിടിച്ചു. 85 കോടി രൂപ തിരിച്ചുപിടിച്ചത് ദിവ്യ എസ് അയ്യര്‍ എംഡി ആയിരിക്കെ. ജിഎസ്ടി ആവശ്യവുമായി അദാനി പോര്‍ട്ട് സര്‍ക്കാരിനെയും സമീപിച്ചിരുന്നു. അദാനി പോര്‍ട്ടിന്റെ അപേക്ഷ നിരസിച്ചത് രണ്ടാം പിണറായി സര്‍ക്കാരാണ്. എംപവേര്‍ഡ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനം. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ജിഎസ്ടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അദാനി പോര്‍ട്ട്.
കരാര്‍ വ്യവസ്ഥാ ലംഘനത്തിന് അദാനി പോര്‍ട്ട്‌സിന് വിഴിഞ്ഞം തുറമുഖ കമ്പനി പതിനഞ്ച് കോടി രൂപ പിഴ ചുമത്തിയിരുന്നു. ദിവ്യ എസ് അയ്യര്‍ എംഡിയായിരിക്കെയായിരുന്നു ഈ സംഭവം. രണ്ട് വര്‍ഷത്തിനിടെയായിരുന്നു അദാനി പോര്‍ട്ട്‌സിന് വിഴിഞ്ഞം തുറമുഖ കമ്പനി പതിനഞ്ച് കോടി രൂപ പിഴ ചുമത്തിയത്. കരാര്‍ വ്യവസ്ഥാ ലംഘനത്തിന് എട്ട് തവണയായിരുന്നു വിഴിഞ്ഞം കമ്പനി അദാനി പോർട്ട്സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഓരോ വര്‍ഷവും കൃത്യമായ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തുറമുഖ കമ്പനിക്ക് നല്‍കണം എന്ന് കരാറില്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അദാനി പോര്‍ട്ട്‌സ് ഇതുവരെ തുറമുഖ കമ്പനിക്ക് നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ വിശദീകരണം തേടി എംഡിയായിരുന്ന ദിവ്യ എസ് അയ്യര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും മറുപടി നല്‍കാന്‍ അദാനി പോര്‍ട്ട്‌സ് തയ്യാറായില്ല.
Content Highlights: A new controversy erupts over the Vizhinjam International Seaport project as allegations surface against Adani Ports for an alleged attempt to misappropriate GST funds in violation of the signed concession agreement.