

ഫോണിലേക്ക് വന്നിട്ടുള്ള ചില കോളുകള്‍ സ്പാം കോളുകളാണെന്ന് കരുതി ബ്ലോക്ക് ചെയ്തിട്ടുണ്ടാവും അല്ലേ?. എന്നാല്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പറയുന്നതനുസരിച്ച് 140, 1600 സീരിസുകളില്‍ നിന്നുള്ള കോളുകള്‍ സ്പാം ആണെന്ന് കരുതി ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണെന്നാണ്. ഈ നമ്പറുകള്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്നും ഏകപക്ഷീയമായി ടാഗ് ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ കഴിയില്ലെന്നും ട്രായ് വ്യക്തമാക്കുന്നു.

1600 സീരീസ് നമ്പറുകള്‍ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, RBI, SEBI, IRDAI, PFRDA പോലുള്ള സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ OTP, ബാങ്ക് അലേര്‍ട്ടുകള്‍, KYC, അല്ലെങ്കില്‍ സര്‍ക്കാര്‍ വിവരങ്ങള്‍ പോലുള്ള പ്രധാനപ്പെട്ട സേവന ഇടപാടുമായി ബന്ധപ്പെട്ട കോളുകള്‍ക്കായി ഉപയോഗിക്കുന്നു. അതിനാല്‍ ഈ നമ്പറുകള്‍ സ്പാം ആയി ബ്ലോക്ക് ചെയ്യുന്നത് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. 140, 1600 പരമ്പരകളെക്കുറിച്ച് സമീപ ദിവസങ്ങളില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നതായും പ്രധാനപ്പെട്ട കോളുകള്‍ നഷ്ടപ്പെടാതിരിക്കാനും ഈ ആശങ്കകള്‍ ഇല്ലാതാക്കുന്നതിനുമാണ് വിശദീകരണം നല്‍കിയതെന്നും ട്രായ് പറഞ്ഞു.

ട്രൂകോളര്‍, ഹിയ, വോസ്‌കോള്‍ തുടങ്ങിയ കോള്‍ മാനേജ്മെന്റ് ആപ്പുകള്‍ ഇപ്പോള്‍ 140, 1600 സീരീസുകളിലെ നമ്പറുകളെ സ്പാമായി ഫ്‌ളാഗ് ചെയ്യുന്നുണ്ട്. ഇത് IT ആക്ടിന് കീഴില്‍ അംഗീകൃത ഏജന്‍സി പദവി അഭ്യര്‍ത്ഥിക്കാനായി TRAI യെ പ്രേരിപ്പിച്ചു. ഈ ആവശ്യത്തിന് (Ministry of Electronics and Information Technology)MeitY അംഗീകാരം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ഈ ആപ്പുകള്‍ക്ക് നോട്ടീസ് നല്‍കാനും ചട്ടങ്ങള്‍ ലംഘിച്ചതിന് അവര്‍ക്കെതിരെ നടപടിയെടുക്കാനും ട്രായ്ക്ക് കഴിയുമെന്ന പ്രതീക്ഷ ഉയര്‍ത്തുന്നു.

ഇക്കാര്യത്തെക്കുറിച്ച് ട്രൂകോളറിന്റെ വശം ഇങ്ങനെയാണ്. 140 അല്ലെങ്കില്‍ 1600 നമ്പര്‍ മാത്രം ഉണ്ടായിരുന്നതുകൊണ്ട് ഒരു കോളും വിശ്വസനീയമല്ലെന്നാണ് കമ്പനി പറയുന്നത്. ഈ രണ്ട് നമ്പറുകളില്‍ നിന്ന് പ്രതിദിനം ലഭിക്കുന്ന ഏകദേശം 50 ദശലക്ഷം കോളുകള്‍ക്ക് ആളുകള്‍ മറുപടി നല്‍കുന്നില്ലെന്ന് ട്രൂകോളര്‍ അവകാശപ്പെടുന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ, ഉപയോക്താക്കള്‍ 140 നമ്പര്‍ കോളുകളില്‍ 81 ശതമാനവും 1600 നമ്പര്‍ കോളുകളില്‍ 79 ശതമാനവും അവഗണിച്ചതായി ഡാറ്റ പുറത്തുവിട്ടുകൊണ്ട് കമ്പനി പറഞ്ഞു. ഇതിനര്‍ത്ഥം ആളുകള്‍ ഓരോ അജ്ഞാത കോളിനെയും സംശയാസ്പദമായി കണക്കാക്കുകയും അത് ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നു എന്നാണ്.
Content Highlights :According to the Telecom Regulatory Authority of India (TRAI), users should take note if calls from the 140 and 1600 series have been blocked under the assumption that they are spam.