

കൊച്ചി: നോവല്‍ കോപ്പിയടി വിവാദത്തില്‍ എഴുത്തുകാരി കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിനോട് പ്രതികരിച്ച് ഹരിതാ സാവിത്രി. വണ്‍ ഡേ ഫ്രം അ ഹാങ്ങ് മാന്‍സ് ലൈഫ് എന്ന ഡോക്യുമെന്ററിയുമായും ശിലീഭൂതം എന്ന നോവലുമായും ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും തനിക്കെതിരെ മാത്രം നിയമനടപടിയിലേക്ക് നീങ്ങിയത് പാട്രിയായാര്‍ക്കല്‍ മനോഭാവത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ലക്ഷണമാണെന്നും ഹരിതാ സാവിത്രി പറഞ്ഞു. അപവാദ പ്രചാരണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ താന്‍ നേരിട്ട മനോവിഷമത്തിന് നിയമനടപടിയിലേക്ക് നീങ്ങേണ്ടി വരുമെന്നും ഹരിതാ സാവിത്രി പറയുന്നു.
'എനിക്ക് ധാരാളം ജോലിയുണ്ട്. ജീവിതം അനിശ്ചിതത്വം നിറഞ്ഞതും നൈമിഷികവും ആണെന്ന് നന്നായറിയാം. ഇതില്‍ ഒന്നിലും എനിക്ക് ഒരു താല്‍പ്പര്യവുമില്ല. അനാവശ്യ കാര്യങ്ങള്‍ക്ക് കളയാന്‍ സമയം ഇല്ലാത്തത് കൊണ്ടാണ് കോടതി നടപടി അര്‍ഹിക്കുന്ന പലരുടെയും പ്രവൃത്തികള്‍ അവഗണിച്ചത്. നന്നായി എഴുതുക എന്ന ലക്ഷ്യം മാത്രമേ ഇപ്പോള്‍ മനസ്സിലുള്ളൂ. വലിച്ചിഴയ്ക്കപ്പെടുകയാണ് ഇപ്പോള്‍, എന്നും ഹരിതാ സാവിത്രി പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തന്റെ സിന്‍ എന്ന നോവലും കെ ആര്‍ മീരയുടെ കലാച്ചിയും തമ്മില്‍ ഇതിവൃത്ത സാമ്യമുണ്ടെന്ന് ചില വായനക്കാര്‍ ഉന്നയിച്ചതില്‍ തനിക്കം ഉത്തരവാദിത്തം ഇല്ലെന്നും ഹരിതാ സാവിത്രി കൂട്ടിച്ചേര്‍ത്തു.
നോവലുമായി ബന്ധപ്പെട്ട് ഹരിതാ സാവിത്രി ഉയര്‍ത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തില്‍ തനിക്കെതിരെ അവമതിപ്പ് സൃഷ്ടിച്ചുവെന്ന് കാട്ടിയായിരുന്നു കെ ആര്‍ മീര ഹരിതാ സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ചത്.
Content Highlights: Writer Haritha Savithri responded to the legal notice sent by K R Meera following allegations related to a novel plagiarism controversy. The issue has sparked discussions in Malayalam literary circles