സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കൽ ഉപകരണങ്ങള്‍ പാഴാക്കിയ സംഭവം: അന്വേഷണത്തിന് വിദഗ്ധ സമിതി

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷയായ സമിതി അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ്

സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കൽ ഉപകരണങ്ങള്‍ പാഴാക്കിയ സംഭവം: അന്വേഷണത്തിന് വിദഗ്ധ സമിതി
dot image

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കൽ ഉപകരണങ്ങള്‍ പാഴാക്കിയ സംഭവം അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. സംഭവം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷയായ സമിതി അന്വേഷിക്കും. ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍, എന്‍എച്ച്എം ഡയറക്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്കാണ് അന്വേഷണ ചുമതല. ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ നിര്‍ദ്ദേശമുണ്ട്.

വയനാട് മെഡിക്കല്‍ കോളേജിലെ ഗോഡൗണില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിൻ്റെ ദൃശ്യങ്ങൾ റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. കോടിക്കണക്കിന് രൂപ വിലവരുന്ന ഉപകരണങ്ങള്‍ നശിച്ച നിലയിലാണ് കണ്ടെത്തിയത്. ആറ് മൊബൈല്‍ മോര്‍ച്ചറി യൂണിറ്റുകള്‍ ഉള്‍പ്പെടെ ഗോഡൗണില്‍ കൂട്ടിയിട്ട നിലയിലായിരുന്നു. ഇതില്‍ ഒരു യൂണിറ്റിന് ഏതാണ്ട് 20 ലക്ഷത്തിലധികം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം വയനാട്ടില്‍ സന്ദര്‍ശം നടത്തിയ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ ഈ നിലയില്‍ ഉപകരണങ്ങള്‍ കൂട്ടിയിട്ടത് നേരില്‍ കണ്ട് ബോധ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷ കാലത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആദ്യ പിണറായി സര്‍ക്കാരിന്റെയും രണ്ടാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് വാങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്. ആഭ്യന്തര ഓഡിറ്റ് നടത്താനാണ് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ കണക്കെടുക്കാനും നിര്‍ദ്ദേശമുണ്ട്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുഖേന വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചിരുന്നു.

Content Highlights: An expert committee has been constituted to investigate the alleged wastage of medical equipment in government hospitals. The panel will examine the issue and submit findings regarding the handling and utilisation of medical devices.

dot image
To advertise here,contact us
dot image