

യുഎഇയിൽ വേനൽക്കാല അവധിക്കാലത്തെ തിരക്ക് പ്രമാണിച്ച് യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കാൻ ദുബായ് കസ്റ്റംസ് ഒരുക്കങ്ങൾ ഊർജിതമാക്കി. എയർപോർട്ടുകളിലെ പരിശോധനകൾ വേഗത്തിലാക്കാനും യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ട് നിരവധി സുപ്രധാന നടപടികളാണ് അധികൃതർ കൈക്കൊണ്ടിരിക്കുന്നത്. ജൂലൈ ആദ്യ പകുതിയിൽ മാത്രം ഏകദേശം 30 ലക്ഷത്തോളം യാത്രക്കാർ ദുബായ് വിമാനത്താവളങ്ങൾ വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂൾ അവധിയും വേനൽക്കാല വെക്കേഷനും പ്രമാണിച്ച് പ്രവാസികൾ ഉൾപ്പെടെയുള്ളവർ നാട്ടിലേക്കും വിദേശരാജ്യങ്ങളിലേക്കും യാത്ര തിരിക്കുന്നതിനാൽ വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയമാണിത്.
യാത്രക്കാരുടെ ഈ വൻ തിരക്ക് നിയന്ത്രിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ദുബായ് കസ്റ്റംസ് പരിശോധനാ സംവിധാനങ്ങൾ പരിഷ്കരിച്ചിരിക്കുന്നത്. പുതിയ സംവിധാനം വഴി വെറും ഏഴ് സെക്കൻഡുകൾ കൊണ്ട് ഒരു ബാഗേജിന്റെ സ്ക്രീനിങ് നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. ദുബായ് വിമാനത്താവളങ്ങളിലെ വിവിധ ടെർമിനലുകളിലായി 19 അത്യാധുനിക ബാഗേജ് സ്ക്രീനിങ് സംവിധാനങ്ങളും 77 ഡിറ്റക്ഷൻ ആൻഡ് ഇൻസ്പെക്ഷൻ സംവിധാനങ്ങളുമാണ് നിലവിൽ സജ്ജമാക്കിയിരിക്കുന്നത്.
സമാനമായി മൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്കായി ദുബായ് എയർപോർട്ടിലെ ടെർമിനൽ 1, 2, 3 എന്നിവിടങ്ങളിൽ പ്രത്യേക മൃഗസംരക്ഷണ പരിശോധനാ മുറികളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് സുരക്ഷ നിലനിർത്തിക്കൊണ്ടുതന്നെ ആവശ്യമായ വെറ്ററിനറി പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ ഈ അത്യാധുനിക സൗകര്യം സഹായിക്കും. ഇത് യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
യുഎഇയിലേക്ക് പ്രവേശിക്കുമ്പോൾ കൊണ്ടുവരാൻ അനുമതിയുള്ള സാധനങ്ങൾ, കസ്റ്റംസ് ഇളവുകൾ, മറ്റ് യാത്രാ നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ ദുബായ് കസ്റ്റംസ് പുറത്തിറക്കിയിട്ടുള്ള 'ട്രാവലർ ഗൈഡ്' പരിശോധിക്കണമെന്ന് അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടു. നിലവിലെ കസ്റ്റംസ് നിയമങ്ങൾക്ക് വിധേയമായി, 3,000 ദിർഹം വരെയുള്ള സമ്മാനങ്ങൾ യാതൊരുവിധ നികുതിയും കൂടാതെ രാജ്യത്തേക്ക് കൊണ്ടുവരാൻ യാത്രക്കാർക്ക് അനുമതിയുണ്ടെന്നും കസ്റ്റംസ് ഓർമ്മിപ്പിച്ചു.
സുരക്ഷാ മാനദണ്ഡങ്ങളിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ തന്നെ യാത്രക്കാർക്ക് മികച്ച സേവനങ്ങളും വേഗത്തിലുള്ള യാത്രാനുഭവവും സമ്മാനിക്കുക എന്നതാണ് ഈ പുതിയ നടപടികളിലൂടെ ദുബായ് കസ്റ്റംസ് ലക്ഷ്യമിടുന്നത്.
Content Highlights: Dubai airports are set to make customs clearance faster with advanced inspection systems. The new technology aims to reduce waiting time for passengers, with customs checks expected to be completed within seven seconds.