13കാരിയുടെ വ്യാജ പരാതി; 'ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാന്‍ ക്രൂരമായി മർദിച്ചു'; 20 കാരൻ റിപ്പോർട്ടറിനോട്

'പെൺകുട്ടിയെ അറിയാമോയെന്നും എവിടെ കൊണ്ടുപോയെന്നും പൊലീസ് ചോദിച്ചു. പെൺകുട്ടിയെ അറിയില്ലെന്ന് പറഞ്ഞപ്പോൾ മർദിച്ചു'

13കാരിയുടെ വ്യാജ പരാതി; 'ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാന്‍ ക്രൂരമായി മർദിച്ചു'; 20 കാരൻ റിപ്പോർട്ടറിനോട്
dot image

പത്തനംതിട്ട: പതിമൂന്ന് വയസുകാരി നല്‍കിയ വ്യാജ പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത പൊലീസില്‍ നിന്നുണ്ടായ ക്രൂരത റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി 20കാരനായ യുവാവ്. കുറ്റം സമ്മതിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മര്‍ദിച്ചതെന്ന് യുവാവ് പറഞ്ഞു. പെണ്‍കുട്ടിയുടെ കാര്യം പറഞ്ഞാണ് മര്‍ദിച്ചത്. പെണ്‍കുട്ടിയെ അറിയാമോയെന്നും എവിടെ കൊണ്ടുപോയി എന്നും ചോദിച്ചു. പെണ്‍കുട്ടിയെ അറിയില്ലെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നതായും യുവാവ് പറഞ്ഞു.

കാല്‍വെള്ളയില്‍ ലാത്തി കൊണ്ട് അടിച്ചു. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ ഹൃദയശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ടെന്ന കാര്യം പറഞ്ഞിരുന്നു. അതറിഞ്ഞിട്ടും പൊലീസ് മര്‍ദിച്ചു. ആദ്യം രണ്ട് പൊലീസുകാരാണ് മര്‍ദിച്ചത്. പിന്നാലെ മൂന്ന് പേര്‍ കൂടി വന്നു. വ്യാജപരാതിയാണെന്ന് മനസിലായതോടെയാണ് വിട്ടയച്ചത്. വീണ്ടും പൊലീസ് മര്‍ദിക്കുമോ എന്ന ഭയമുണ്ട്. കസ്റ്റഡിയില്‍ എടുത്തതിനാല്‍ നിലവിലെ ജോലിയെ ബാധിക്കുമോ എന്ന ആശങ്ക ഉണ്ട്. നിലവില്‍ ജോലിക്ക് പോകുന്നില്ല. തനിക്ക് നീതി ലഭിക്കണം. ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു. ഓര്‍ത്തോ വിഭാഗത്തെ കാണിക്കണം എന്ന് ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്. ചെവിയുടെ ഭാഗത്ത് നല്ല വേദനയുണ്ടെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

മകന് പുറത്ത് ഇറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് യുവാവിന്റെ മാതാവും പറഞ്ഞു. മകന്റെ ഭാവി എന്താകും എന്ന് അറിയില്ല. തെറ്റ് ചെയ്തിട്ടില്ല എന്ന് പറഞ്ഞെങ്കിലും പൊലീസുകാര്‍ അവനെ പിടിച്ച് വണ്ടിയില്‍ കയറ്റി. തങ്ങള്‍ ആദ്യമായാണ് പൊലീസ് സ്റ്റേഷനില്‍ കയറുന്നത്. തങ്ങളുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തതെന്ന് വാര്‍ത്തകള്‍ കണ്ടിരുന്നു. എന്നാല്‍ അങ്ങനെയല്ല. അവനെ ചോദ്യം ചെയ്യുമ്പോള്‍ തങ്ങള്‍ പുറത്തിരിക്കുകയായിരുന്നു. രാത്രിയായപ്പോള്‍ പെണ്‍കുട്ടി നല്‍കിയത് വ്യാജ പരാതിയാണെന്ന് പറഞ്ഞ് മകനെ വിട്ടയച്ചു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് മകനെ കെട്ടിപ്പിടിച്ചപ്പോള്‍ ശരീരത്തില്‍ തൊടരുതെന്ന് പറഞ്ഞു. പൊലീസുകാര്‍ ഒരുപാട് അടിച്ചുവെന്നും മകന്‍ പറഞ്ഞതായും മാതാവ് പറഞ്ഞു. ലാത്തികൊണ്ട് പലതവണ അടിച്ചു. കുറച്ച് അടിച്ചപ്പോള്‍ തന്നെ അവന്റെ ബോധം പോയി. കുറേ കഴിഞ്ഞപ്പോള്‍ പൊലീസുകാര്‍ എഴുന്നേറ്റ് നിര്‍ത്തിച്ചതായി മകന്‍ പറഞ്ഞു. നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഈ സമയം മുന്നോട്ട് കുനിച്ചുനിര്‍ത്തിയതായും അവന്‍ പറഞ്ഞു. രാത്രിയായതുകൊണ്ട് തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വീട്ടില്‍ എത്തിയ ശേഷം മകന് ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായി. ഉറക്കത്തില്‍ നിന്ന് പലതവണ ഞെട്ടിയുണര്‍ന്നു. ഇന്നലെ രാത്രി നിലകൂടുതല്‍ മോശമായി. കാലിന് അടിഭാഗത്ത് നീരുവെച്ചുവെന്നും മാതാവ് പറഞ്ഞു. പെണ്‍കുട്ടിയെ മകന്‍ കണ്ടിട്ട് പോലുമില്ല. മകന്റെ പേര് എന്തിന് കൊടുത്തു എന്ന കാര്യം അറിയില്ല. ഇക്കാര്യം കണ്ടെത്തണമെന്നും മാതാവ് ആവശ്യപ്പെട്ടു.

ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠികള്‍ പീഡിപ്പിച്ചതായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടികളുടെ നാല് സഹപാഠികളെയും രണ്ട് മുതിര്‍ന്നവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. ഈ സമയം ഡോക്ടര്‍മാരോടാണ് താന്‍ പീഡനത്തിന് ഇരയായിട്ടില്ലെന്ന് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തുന്നത്. സഹപാഠിയോട് തോന്നിയ പ്രണയത്തിന്റെ കാര്യവും പെണ്‍കുട്ടി തുറന്നുപറഞ്ഞു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന് വ്യക്തമായി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടില്ലെന്നും കണ്ടെത്തി. പിന്നാലെ പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഡോക്ടര്‍മാരോട് പറഞ്ഞകാര്യം പെണ്‍കുട്ടി മജിസ്ട്രേറ്റിനോടും ആവര്‍ത്തിച്ചു. സഹപാഠി പ്രണയം നിരസിച്ചപ്പോള്‍ സഹപാഠികള്‍ക്കെതിരെ പീഡന പരാതി നല്‍കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ റഫര്‍ റിപ്പോര്‍ട്ട് നല്‍കും.

Content Highlights- A 20-year-old told Reporter that he was brutally assaulted by police with the aim of forcing a confession in a case stemming from a 13-year-old girl's complaint, which he says was false in pathanamthitta

dot image
To advertise here,contact us
dot image