

യുഎസ്എ - ബോസ്നിയ ആൻഡ് ഹെർസഗോവിന മത്സരത്തിനിടെ റെഡ് കാർഡ് കണ്ട് പുറത്തായ യുഎസ്എയുടെ സ്ട്രൈക്കെർ ഫൊളാരിൻ ബലോഗന്റെ സസ്‌പെൻഷൻ പിൻവലിച്ചു. അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്നാണ് ഈ തീരുമാനം ഉണ്ടായത് എന്നാണ് ആരോപണം. പ്രീ-ക്വാർട്ടർ പോരിൽ ബെൽജിയത്തെ നേരിടാനിരിക്കെയാണ് താരത്തിന്റെ സസ്‌പെൻഷൻ നീക്കിയിരിക്കുന്നത്. വലിയ തരത്തിലുള്ള വിമർശനങ്ങളാണ് ഈ തീരുമാനത്തിനെതിരെ ഫുട്ബോൾ ലോകത്ത് നിന്ന് ഉയരുന്നത്.
ബലോഗന്റെ സസ്‌പെൻഷൻ പിൻവലിച്ച ഫിഫയുടെ തീരുമാനത്തിനെതിരെ ബെൽജിയം രംഗത്തെത്തിയിട്ടുണ്ട്. ഈ ഒരു നടപടിയെ നിയമപരമായി തന്നെ നേരിടാൻ ഒരുങ്ങുകയാണ് ബെൽജിയം ടീം. ഒരു മത്സരത്തിൽ സസ്‌പെൻഷൻ കിട്ടിയാൽ അടുത്ത മത്സരത്തിൽ താരം സസ്‌പെൻഷനിൽ ആയിരിക്കും. ഫിഫ ഡിസിപ്ലിനറി കോഡ് 66.4 പ്രകാരം ഇതാണ് നടപടിയെന്ന് ബെൽജിയം ചൂണ്ടിക്കാട്ടി. പല മത്സരങ്ങളിലും താരങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചിട്ടുണ്ടെന്നും അവർക്കെല്ലാം ഇത് ബാധകമായപ്പോൾ ബലോഗന് മാത്രം ഇളവ് നൽകിയ നടപടി അംഗീകരിക്കാനാവില്ലെന്നും ബെൽജിയം ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ്എ - ബോസ്നിയ ആൻഡ് ഹെർസഗോവിന മത്സരത്തിന്റെ 64 - ആം മിനിറ്റിൽ ആയിരുന്നു ഫൊളാരിൻ ബലോഗൻ ചുവപ്പ് കാർഡ് കണ്ട് പുറത്താകുന്നത്. മത്സരത്തിൽ യുഎസ്എക്കായി ആദ്യ ഗോൾ നേടിയതും ബലോഗൻ ആയിരുന്നു. ബോസ്നിയ ആൻഡ് ഹെർസഗോവിനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുഎസ്എ തകർക്കുകയും ചെയ്തിരുന്നു. ഇതുവരെ മൂന്ന് ഗോളുകളാണ് താരം യുഎസ്എക്കായി ഈ ലോകകപ്പിൽ നേടിയിട്ടുള്ളത്. നാളെ പുലർച്ചെ 5:30 നാണ് ബെൽജിയവുമായുള്ള യുഎസ്എയുടെ പ്രീ-ക്വാർട്ടർ മത്സരം.
Content highlight: Donald Trump intervenes USMNT Folarin Balogun suspension lifted