കാഫിർ സ്ക്രീൻ ഷോട്ട് കേസ്; DYFI നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം

കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്

കാഫിർ സ്ക്രീൻ ഷോട്ട് കേസ്;  DYFI നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം
dot image

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ വടകര സെഷൻസ് കോടതി ജിതിൻ ഭാസ്കറിൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കോടതി ജിതിൻ ഭാസ്കറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നാണ് ജിതിൻ ഭാസ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാന ഫോറന്‍സിക്ക് വിഭാഗത്തിന് ഫോണ്‍ അയക്കണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകർപ്പ് റിപ്പോര്‍ട്ടര്‍ ചാനലിന് ലഭിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിന്‍ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

അതേസമയം വ്യക്തികള്‍ക്കും ഗ്രൂപ്പുകളിലേക്കും ജിതിന്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തലുണ്ട്. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ജിതിന്‍ ഭാസ്‌കര്‍ ആദ്യം 'വടകര സ്‌ക്വാഡ്' എന്ന വാട്സാപ് ഗ്രൂപ്പിലും തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ 'റെഡ് എന്‍കൗണ്ടര്‍' എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിന്‍ ഭാസ്‌കറിലേക്ക് എത്തിയത്.

ജിതിന്‍ ഭാസ്‌കര്‍ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് തിരക്കഥ അനുസരിച്ചാണ് എസ്ഐടി പ്രതികളെ നിശ്ചയിച്ചതെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എല്‍ ജി ലിജീഷ് നേരത്തെ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. വടകര എം പി ഷാഫി പറമ്പില്‍, കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള എന്നിവര്‍ പറയുന്നതിനനുസരിച്ച് ഡിവൈഎഫ്ഐ നേതാക്കളെ വേട്ടയാടുകയാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ സിപിഐഎം നേരത്തെ വടകര റൂറല്‍ എസ്പിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. കള്ളക്കേസ് പിന്‍വലിക്കണമെന്നായിരുന്നു സിപിഐഎമ്മിന്റെ ആവശ്യം. ജില്ലാ സെക്രട്ടറി എം മെഹബൂബായിരുന്നു മാർച്ച് ഉദ്ഘാടനം ചെയ്തത്. ഷാഫി പറമ്പിലിനെയും പാറക്കല്‍ അബദുല്ലയെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന തരത്തില്‍ എം മെഹബൂബ് സംസാരിച്ചത് വിവാദമായിരുന്നു. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ ഈ വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി പി ദുല്‍കിഫിൽ പരാതി നൽകിയിരുന്നു. ഷാഫി പറമ്പില്‍ എംപി, പാറക്കല്‍ അബ്ദുല്ല എംഎല്‍എ എന്നിവരെ ഭീഷണിപ്പെടുത്തിയതില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു.

Content Highlights: DYFI leader Jithin Bhaskar has been granted bail in the Kafir screenshot case. Get the latest updates, court proceedings, and key developments surrounding the controversial case.

dot image
To advertise here,contact us
dot image