'ലവ് ജിഹാദ് സ്ഥാപിക്കാൻ ശ്രമം, എൻകൗണ്ടര്‍ ചെയ്യപ്പെട്ടേക്കാം'; ജീവിതം കടുത്ത ആശങ്കയിലെന്ന് മൊണാലിസയും ഫർമാനും

കോടതിയില്‍ എത്തും മുന്‍പ് തങ്ങളെ വധിച്ചേക്കാമെന്നും ഫർമാൻ

'ലവ് ജിഹാദ് സ്ഥാപിക്കാൻ ശ്രമം, എൻകൗണ്ടര്‍ ചെയ്യപ്പെട്ടേക്കാം'; ജീവിതം കടുത്ത ആശങ്കയിലെന്ന് മൊണാലിസയും ഫർമാനും
dot image

കൊച്ചി: മധ്യപ്രദേശ് പൊലീസ് ഇപ്പോഴും പിന്തുടരുകയാണെന്നും ആശങ്കയുണ്ടെന്നും കുംഭമേള വൈറല്‍ താരം മൊണാലിസയും ഭര്‍ത്താവ് ഫര്‍മാനും. മധ്യപ്രദേശിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോകാനാണ് പൊലീസിന്റെ ശ്രമം എന്നും പേടി കാരണം പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ദമ്പതികള്‍ ആരോപിച്ചു.

'ഞങ്ങളെ കൊല്ലാന്‍ ആഹ്വാനം നടക്കുന്നു. ഭീകരവാദിയെ കല്ല്യാണം കഴിച്ചുവെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. പേടികാരണം പുറത്തിറങ്ങാന്‍ കഴിയുന്നില്ല. വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി സന്ദേശങ്ങള്‍ വരികയാണ്. ജീവനൊടുക്കലാണ് നല്ലതെന്ന് പലപ്പോഴും തോന്നി', മൊണാലിസ റിപ്പോർട്ടറിനോട് പറയുന്നു. ഇത്രമാത്രം ദ്രോഹിക്കാന്‍ തങ്ങള്‍ എന്തുതെറ്റാണ് ചെയ്തതെന്നും യുവതി ചോദിക്കുന്നു. ഇന്ത്യയില്‍ ആദ്യമായല്ല രണ്ടുപേര്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. ഞങ്ങളുടെ വീട്ടില്‍ നിന്നും ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ല. അമ്മയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നും മൊണാലിസ പറഞ്ഞു.

ഇരയായ തന്നെ കുറ്റക്കാരന്‍ ആക്കാനാണ് ശ്രമമെന്ന് ഫര്‍മാനും ആരോപിച്ചു. തങ്ങളെ എന്‍കൗണ്ടര്‍ ചെയ്യാനാണ് ശ്രമം. മൊണാലിസയെ കൊന്നശേഷം അത് തന്റെ മേല്‍ കെട്ടിവെയ്ക്കുമെന്ന ഭയമാണെന്നും ഫര്‍മാന്‍ പ്രതികരിച്ചു. 'വെടിവെച്ച് കൊല്ലുമെന്ന് ഫോണില്‍ എപ്പോഴും മെസ്സേജ് വരുന്നു, ഞങ്ങളുടെ പോസ്റ്ററുകള്‍ കത്തിക്കുന്നു. മുസ്ലിമിനെ, ഭീകരവാദിയെ വിവാഹം കഴിച്ചു, ഹിന്ദു ധര്‍മം നശിപ്പിച്ചു എന്നൊക്കെ പ്രചരിപ്പിക്കുന്നു. കോടതിയില്‍ എത്തും മുന്‍പ് ഞങ്ങളെ വധിക്കും. ഇത് ലവ് ജിഹാദ് ആണെന്ന് സ്ഥാപിക്കാന്‍ ആണ് അവരുടെ ശ്രമം', ഫര്‍മാന്‍ ആരോപിച്ചു.

മൊണാലിസയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണം പിതാവ് എടിഎം കാര്‍ഡ് ഉപയോഗിച്ച് സ്വന്തമാക്കിയെന്നും സുഹൃത്തുക്കള്‍ തരുന്ന ചെറിയ സഹായം മാത്രമാണ് നിലവിൽ ഉള്ളതെന്നും ഫർമാൻ പറയുന്നു. ജോലിയോ വീടോ ഒന്നുമില്ലാത്ത അവസ്ഥ ആയി. ഇന്‍ഡോര്‍, ജബല്‍പ്പൂര്‍ കോടതികളില്‍ നിലവില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവാഹ ദിവസം വരെ മോണാലിസയുടെ പിതാവ് ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. എല്ലാത്തിനും തെളിവുകള്‍ ഉണ്ട്. മൊണാലിസയുടെ സഹോദരന്റെ പേരില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. തനിക്കെതിരെ തട്ടിക്കൊണ്ടുപോയി എന്ന് വ്യാജ പരാതി നല്‍കി. മുന്‍കൂര്‍ ജാമ്യവും, പ്രൊട്ടക്ഷന്‍ ഓര്‍ഡറും ഉണ്ടായിട്ടും തങ്ങളെ പിടികൂടാന്‍ മധ്യപ്രദേശ് പൊലീസ് ഇവിടെ വരെ എത്തിയെന്നും ഫര്‍മാന്‍ പറഞ്ഞു.

Content Highlights: Mahakumbh Viral Star Monalisa and Husband Furman Allege Harassment by Madhya Pradesh Police

dot image
To advertise here,contact us
dot image