താനൂര്‍ കനോലി കനാലിന് കുറുകെ പുതിയ പാലം വരും; റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട് പി കെ നവാസ് എംഎല്‍എ

കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ തോളിലേറ്റി കനാല്‍ കടക്കേണ്ട സ്ഥിതിയായിരുന്നു

താനൂര്‍ കനോലി കനാലിന് കുറുകെ പുതിയ പാലം വരും; റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട് പി കെ നവാസ് എംഎല്‍എ
dot image

മലപ്പുറം: താനൂര്‍ മൂലക്കലിലെ കനോലി കനാലിന് കുറുകെയുള്ള നടപ്പാലം തകര്‍ന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട് സ്ഥലം എംഎല്‍എ പി കെ നവാസ്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ദുരിതത്തിലായ പ്രദേശത്ത് രണ്ടാഴ്ചയ്ക്കകം താല്‍ക്കാലിക നടപ്പാലം നിര്‍മ്മിക്കുമെന്നും ആദ്ദേഹം ഉറപ്പ് നല്‍കി. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശാശ്വതമായ പരിഹാരം വിഷയത്തില്‍ കാണുമെന്നും പി കെ നവാസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കനോലി കനാലിന് കുറുകെയുള്ള നടപ്പാലം തകര്‍ന്ന് നാട്ടുകാര്‍ പ്രതിസന്ധിയിലായ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി യാണ് പുറത്ത് കൊണ്ടുവന്നത്. കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ തോളിലേറ്റി കനാല്‍ കടക്കേണ്ട സ്ഥിതിയായിരുന്നു.

20 വര്‍ഷം മുമ്പാണ് സ്ഥലത്ത് ഒരു ഇരുമ്പ് പാലം പണിയുന്നത്. പക്ഷേ 10 വര്‍ഷം കഴിഞ്ഞപ്പോഴേക്കും ആ പാലം തകര്‍ന്നിരുന്നു. പിന്നാലെ നാട്ടുകാര്‍ പിരിവെടുത്ത് തത്കാലിക നടപ്പാലം നിര്‍മ്മിച്ചു, അതും തകര്‍ന്നു. ഇതോടെ പ്രതിസന്ധിയായി. രക്ഷിതാക്കള്‍ കുട്ടികളെ തോളിലേറ്റി കനാലില്‍ ഇറങ്ങി. ദിവസേന 200ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളാണ് ഈ പാലം ഉപയോഗിക്കുന്നത്. പാലം തകര്‍ന്നതോടെ കിലോമീറ്റര്‍ താണ്ടി വേണം കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താന്‍.

താനൂര്‍ നഗരസഭയുടെയും താനാളൂര്‍ പഞ്ചായത്തിന്റെയും അതിര്‍ത്തിയാണിവിടെ. പരാതി അറിയിക്കുമ്പോള്‍ നഗരസഭയും പഞ്ചായത്തും അങ്ങോട്ടുമിങ്ങോട്ടും പഴിചാരുകയാണ് എന്നായിരുന്നു നാട്ടുകാരുടെ ആരോപണം. എന്നാല്‍ എംഎല്‍എയുടെ ഇടപെടല്‍ സ്വാഗതം ചെയ്യുകയാണ് മൂലയ്ക്കല്‍ നിവാസികള്‍. എത്രയും പെട്ടെന്ന് പുതിയ പാലം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ഇവര്‍.

Content Highlights: A new bridge will be constructed across the Tanur Canoly Canal after MLA PK Navaz intervened following a Reporter news report highlighting the issue.

dot image
To advertise here,contact us
dot image