തിരു.കോര്‍പ്പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ LDF; 'യുഡിഎഫുമായി യോജിക്കാവുന്ന സ്ഥലങ്ങളിലെല്ലാം യോജിക്കും'

ബിജെപി ഭരണസമിതിക്ക് എതിരെ യുഡിഎഫുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാറാണെന്നും എസ് പി ദീപക്

തിരു.കോര്‍പ്പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ LDF; 'യുഡിഎഫുമായി യോജിക്കാവുന്ന സ്ഥലങ്ങളിലെല്ലാം യോജിക്കും'
dot image

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ എല്‍ഡിഎഫ് നീക്കം. അവിശ്വാസ പ്രമേയത്തിന് മുന്‍ഗണന കൊടുക്കേണ്ട സാഹചര്യം ഇപ്പോള്‍ രൂപപ്പെട്ടുവെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ബിജെപി ഭരണസമിതിക്ക് എതിരെ യുഡിഎഫുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാറാണെന്നും ദീപക് പ്രതികരിച്ചു.

'അവിശ്വാസ പ്രമേയത്തിന് മുന്‍ഗണന എടുക്കേണ്ട സാഹചര്യം ഇപ്പോള്‍ രൂപപ്പെട്ടു. പാര്‍ട്ടി അതിനേക്കുറിച്ച് ആലോചിക്കുകയാണ്. യുഡിഎഫുമായി യോജിക്കാവുന്ന സ്ഥലങ്ങളിലെല്ലാം യോജിക്കും. ബിജെപി ഭരണ സമിതിക്ക് എതിരെ യോജിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാറാണ്', എസ് പി ദീപക് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അനിശ്ചിതത്വവും വിവാദങ്ങളും തുടരുന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ ശക്തമായ സമരം തുടരാനാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. ചെമ്പഴന്തി ഉദയന്‍, ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവര്‍ക്കെതിരെയാണ് യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

കോര്‍പ്പറേഷനില്‍ വനിതാ അംഗങ്ങളെ ഉള്‍പ്പെടെ ആക്രമിച്ച ബിജെപി കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെഎസ് ശബരീനാഥന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുഗതനേക്കാള്‍ വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് ചെമ്പഴന്തി ഉദയനെന്ന് ശബരീനാഥന്‍ ആരോപിച്ചു. അനാവശ്യ സംഘര്‍ഷമുണ്ടാക്കി കൗണ്‍സില്‍ അട്ടിമറിക്കാനാണ് ശ്രമം നടന്നതെന്നും കെഎസ് ശബരീനാഥന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണസ്തംഭനവും ജനാധിപത്യ അട്ടിമറിയും ഉണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി കെ മുരളീധരനും പ്രതികരിച്ചു. 46 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം ചര്‍ച്ചയാകാതിരിക്കാനാണ് അവിശ്വാസപ്രമേയത്തെ എല്‍ഡിഎഫ് പിന്തുണക്കാത്തത്. കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍ സ്ത്രീകളെ ഉപദ്രവിച്ചത് മോശം പ്രവൃത്തിയാണെന്നും സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ പറഞ്ഞു.

അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണപ്രതിസന്ധിയില്ലെന്നാണ് മേയര്‍ വിവി രാജേഷ് പ്രതികരിച്ചത്. നിയമപരമായി മുന്നോട്ടുപോകുമെന്നും മേയര്‍ വിവി രാജേഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കോര്‍പ്പറേഷന്‍ ഭൂമിയിലെ സിപിഐഎം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത് ഭരണചക്രം കൃത്യമായി കറങ്ങുന്നതുകൊണ്ടാണ്. കഴിഞ്ഞദിവസം കോര്‍പ്പറേഷനില്‍ കണ്ടത് യുഡിഎഫ് - എല്‍ഡിഎഫ് അതിക്രമമാണെന്നും മേയര്‍ വിവി രാജേഷ് പറഞ്ഞു.

Content Highlights:The LDF is preparing to bring a no-confidence motion in the Thiruvananthapuram Corporation amid ongoing political developments.

dot image
To advertise here,contact us
dot image