

ആലപ്പുഴ: കരിമണല്‍ ഖനന വിവാദത്തില്‍ പ്രതികരണവുമായി അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. കടുത്ത അഴിമതിയാണ് പിന്നില്‍ നടക്കുന്നതെന്ന് ജി സുധാകരന്‍ പറഞ്ഞു. സ്വകാര്യവല്‍ക്കരണം മാത്രമല്ല എല്ലാം അഴിമതിയാണെന്ന് ജി സുധാകരന്‍ പറഞ്ഞു. ഐആര്‍ഇഎല്‍ കാണിക്കുന്നത് അഴിമതിയാണെന്ന് ജി സുധാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'കരിമണലിന്റെ വില അമൂല്യമാണ്. നൂറ് ഇരട്ടി വിലയാണ് കിട്ടുന്നത്. അഴിമതി നടത്തുന്നതിന് സര്‍ക്കാര്‍ വ്യത്യാസമില്ല. തോട്ടപ്പള്ളിയില്‍ തന്നെ ഫാക്ടറി സ്ഥാപിക്കാന്‍ സ്ഥലം ഉണ്ടായിരുന്നു. എത്ര രാഷ്ട്രീയക്കാര്‍ ഈ വിഷയം ഉന്നയിച്ചു. വി എം സുധീരന്‍ മാത്രം നിരന്തരം ഈ വിഷയം ഉന്നയിക്കുന്നുണ്ട്. സുധീരന് പോലും അവിടെ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞില്ല. രാഷ്ട്രീയക്കാര്‍ പറയാത്തതിന് പിന്നില്‍ കള്ളക്കച്ചവടമാണ്', ജി സുധാകരന്‍ വ്യക്തമാക്കി.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിലും ജി സുധാകരന്‍ പ്രതികരിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ ജി സുധാകരന്‍ പിന്തുണച്ചു. താന്‍ മദ്യപിക്കാറില്ലെന്നും ഇതേക്കുറിച്ചുള്ള തര്‍ക്കം തന്നെ അസംബന്ധമാണെന്നും ജി സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നയമാണതെന്നും ജി സുധാകരന്‍ പറഞ്ഞു.
'പൈസ ഉണ്ടാക്കാന്‍ വേണ്ടിയല്ലേ. മദ്യം പാടില്ലെന്ന് മദ്യവ്യാപാരി തന്നെ പ്രസംഗിക്കുന്നു. യോഗ്യതയുള്ളവരാണ് ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടത്. കണ്ണാടിക്കൂട്ടില്‍ നിന്ന് ആരും കല്ലെറിയരുത്. അവസരം കിട്ടിയപ്പോള്‍ ചെയ്യാത്തവര്‍ക്ക് വിമര്‍ശിക്കാന്‍ എന്താണ് അവകാശം. ഞാന്‍ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും കുറ്റം പറയുന്നില്ല. നല്ല കാര്യങ്ങള്‍ നടക്കട്ടെ', ജി സുധാകരന്‍ റിപ്പോർട്ടറിനോട് സംസാരിക്കവെ പറഞ്ഞു.
Content Highlights: Ambalappuzha MLA G Sudhakaran has responded to the controversy surrounding beach sand mining