

തിരുവനന്തപുരം: എസ്എഫ്‌ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലേഡ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പൊലീസിന് ലാത്തിയും തോക്കുമുണ്ടെന്നും ബ്ലേഡിന്റെ ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കും. ബ്ലേഡും കൊണ്ടുവന്ന് സമരം ചെയ്തത് പുതിയ രീതിയാണെന്നും ആ പണി നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന തീരുമാനത്തിലും ചെന്നിത്തല പ്രതികരിച്ചു. എല്ലാം യുഡിഎഫ് തീരുമാനിക്കും. യുഡിഎഫ് യോഗം ചേര്‍ന്ന് മദ്യ നയം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞല്ലോ. നയം തീരുമാനിക്കേണ്ടത് യുഡിഎഫാണ്. ബാറുകള്‍ അടയ്ക്കാന്‍ ഇപ്പോള്‍ തീരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക് നല്‍കുന്നത് ആലോചനയിലില്ല. അത് സ്വകാര്യ മേഖലയ്ക്ക് നല്‍കാന്‍ കഴിയില്ല. അങ്ങനെയൊരു തീരുമാനമുണ്ടെന്ന് ആരാണ് പറഞ്ഞതെന്നും ബജറ്റിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ തൂഫാന്‍ കേരളത്തില്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ നൈറ്റ് ലൈഫ് അടിപൊളിയാക്കേണ്ടതുണ്ടെന്നും അതിനുള്ള പരിശ്രമമാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.നൈറ്റ് ലൈഫ് പൂട്ടിക്കുകയല്ല ലക്ഷ്യം. നഗരത്തിന്റെ രാത്രികളും സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. സേഫ് നൈറ്റ് ലൈഫ് കൊണ്ടുവരാനാകാണം. രാത്രി ജീവിതവും ആസ്വദിക്കാനാവണം. സജീവവും ഉത്തരവാദിത്വവുമുള്ള നൈറ്റ് ലൈഫാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിൽ ഇക്കാര്യം ഉറപ്പാക്കാൻ നിർദ്ദേശം നൽകിയെന്നും ചെന്നിത്തല പറഞ്ഞു. ഓൺലൈൻ ഭക്ഷണവിതരണ ആപ്പുകളുടെ മറവിലും ലഹരി വിൽപന നടക്കുന്നുണ്ട്. ഇക്കാര്യത്തിലും കർശന നടപടി വേണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ ലഹരി മാഫിയയുടെ കൗണ്ട് ഡൗൺ ആരംഭിച്ചു. ഓപ്പറേഷൻ തൂഫാൻ ദേശീയ മാതൃകയാണ്. ലഹരി മാഫിയയ്ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും തിരിച്ചടിക്കുമെന്നും പറയുന്നത് കേട്ടു. അന്താരാഷ്ട്ര ലഹരി മാഫിയയെ കേരള പൊലീസിന് പേടിയില്ല. കേരള പൊലീസിനെ അവർ പേടിച്ചാൽ മതി. ഞങ്ങൾ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ്. ലഹരി മാഫിയയുടെ സാമ്രാജ്യം തകർത്തിട്ടേ വിശ്രമമുള്ളൂവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Content Higlights:Ramesh Chennithala Reacts to Blade Incident During SFI Secretariat March