പിഎം ശ്രീയില്‍ യുഡിഎഫിന്റേത് ഇരട്ടത്താപ്പ്, കള്ളക്കളി തുറന്നുകാട്ടും: ജി ആര്‍ അനില്‍ റിപ്പോര്‍ട്ടറിനോട്

ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി

പിഎം ശ്രീയില്‍ യുഡിഎഫിന്റേത് ഇരട്ടത്താപ്പ്, കള്ളക്കളി തുറന്നുകാട്ടും: ജി ആര്‍ അനില്‍ റിപ്പോര്‍ട്ടറിനോട്
dot image

തിരുവനന്തപുരം: പിഎം ശ്രീയില്‍ യുഡിഎഫിന്റേത് ഇരട്ടത്താപ്പെന്ന് മുന്‍മന്ത്രി ജി ആര്‍ അനില്‍. യുഡിഎഫിന്റെ കള്ളക്കളി നിയമസഭയ്ക്കകത്തും പുറത്തും തുറന്നുകാട്ടും. ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'പിഎം ശ്രീയുടെ പേര് പറഞ്ഞാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ട് വാങ്ങിയത്. ഇടതുപക്ഷവും ബിജെപിയും തമ്മില്‍ രഹസ്യധാരണയാണെന്ന് പ്രചാരണം നടത്തി. ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങിയ ശേഷം യുഡിഎഫ് ഇപ്പോള്‍ മലക്കം മറിയുകയാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ തലയില്‍ വെച്ച് പിഎം ശ്രീ നടപ്പാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. പദ്ധതിയെ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞയാള്‍ ഇന്ന് യുഡിഎഫിലെ മന്ത്രിയാണ്. സോണിയ ഗാന്ധിയുടെ നിലപാടിന് വിരുദ്ധമായാണ് സതീശന്‍ പ്രവര്‍ത്തിക്കുന്നത്', ജി ആര്‍ അനില്‍ തുറന്നടിച്ചു.

പിഎം ശ്രീ പദ്ധതിയിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. യുഡിഎഫിലെ ആശയക്കുഴപ്പം മുതലെടുക്കാന്‍ നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവരുാനാണ് നീക്കം. ഇതിനിടെ തുടര്‍നീക്കങ്ങള്‍ പഠിക്കാനുള്ള മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. പിഎം ശ്രീയില്‍ നിന്ന് പിന്മാറിയാലുള്ള പ്രത്യാഘാതങ്ങള്‍ ഉള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയാകും.

പിഎം ശ്രീ പദ്ധതിയില്‍ കടുത്ത വാക്‌പോരുകളാണ് തുടരുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ടതുമൂലം പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകുന്നതിന് പരിമിതികള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു. ഒപ്പിട്ടതുകൊണ്ടുമാത്രം പിഎം ശ്രീ നടപ്പിലാക്കേണ്ടതില്ലെന്നും സംസ്ഥാനം മുന്‍കൈ എടുത്താലേ നടപ്പിലാകൂ എന്നുമായിരുന്നു പിണറായി വിജയന്‍ പ്രതികരിച്ചത്.

Content Highlights: Former minister GR Anil has alleged that the UDF is adopting a double standard on the PM SHRI scheme

dot image
To advertise here,contact us
dot image