

കൊച്ചി: ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസ്. പെണ്‍കുട്ടി എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സെന്‍ട്രല്‍ പൊലീസ്. വിവരങ്ങള്‍ തേടി അഭിഭാഷകന് നോട്ടീസ് അയച്ചിട്ടുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ്, സുരക്ഷ ഒരുക്കാനുള്ള ഹൈക്കോടതി നിര്‍ദേശം.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. പെണ്‍കുട്ടിയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. തുടര്‍ന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
കുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടിയും മുഹമ്മദ് ഫര്‍മാനും മാര്‍ച്ച് പതിനൊന്നിനായിരുന്നു കേരളത്തില്‍ വെച്ച് വിവാഹിതരായത്. മാതാപിതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഫര്‍മാനൊപ്പം പെണ്‍കുട്ടി കേരളത്തില്‍ എത്തുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞിട്ടില്ലെന്ന് കാട്ടി മധ്യപ്രദേശ് പൊലീസ് കേസെടുക്കുകയായിരുന്നു. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.
പെണ്‍കുട്ടിയുടെ പിതാവ് മധ്യപ്രദേശ് പൊലീസില്‍ നല്‍കിയ പരാതിയില്‍ മുഹമ്മദ് ഫര്‍ഹാന്‍ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫര്‍ഹാന്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് നേടാന്‍ രേഖകള്‍ തിരുത്തിയെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ വാദം.
ജനന രജിസ്ട്രാറുടെ മുന്നില്‍ വ്യാജ വിവരം നല്‍കി സര്‍ട്ടിഫിക്കറ്റ് നേടിയെന്നാണ് മധ്യപ്രദേശ് പൊലീസ് പറയുന്നത്. ഇതിന് വ്യാജരേഖ ചമച്ചെന്ന കുറ്റം ചുമത്തും. പെണ്‍കുട്ടിക്ക് പതിനാറ് വയസ് മാത്രമാണ് പ്രായം. സര്‍ട്ടിഫിക്കറ്റിലെ ജനന ദിവസവും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. പെണ്‍കുട്ടിയുടെ വിവാഹം അസാധുവാണ് എന്ന് മധ്യപ്രദേശ് പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
Content Highlights: Following a High Court directive, police have initiated measures to provide security to the Kumbh Mela viral girl.