ബോർഡ് നിയമനങ്ങളിൽ ഒരുകാലത്തും കാണാത്ത നിലയിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായി; കെ മുരളീധരനെതിരെ പി ഡി സന്തോഷ് കുമാർ

എസ്ഐടിക്ക് കെ മുരളീധരൻ കത്തയച്ചത് രാഷ്ട്രീയ വൈരാഗ്യം മൂലം

ബോർഡ് നിയമനങ്ങളിൽ ഒരുകാലത്തും കാണാത്ത നിലയിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായി; കെ മുരളീധരനെതിരെ പി ഡി സന്തോഷ് കുമാർ
dot image

തിരുവനന്തപുരം: ദേവസ്വം മന്ത്രിക്കെതിരെ തുറന്നടിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി ഡി സന്തോഷ് കുമാർ. ബോർഡ് നിയമനങ്ങളിൽ ഒരുകാലത്തും കാണാത്ത നിലയിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായി എന്നാണ് സന്തോഷ് കുമാറിൻ്റെ ആരോപണം. ദേവസ്വം ഒരു സ്വതന്ത്ര ബോഡിയാണെന്നും പി ഡി സന്തോഷ് കുമാർ പ്രതികരിച്ചു. കോൺ​ഗ്രസ് സംഘടനാ നേതാക്കളുടെ നിയമനത്തിനായി മന്ത്രി ആവശ്യപ്പെട്ടെന്നും സന്തോഷ് കുമാർ ആരോപിച്ചു. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബൈജു ബോർഡ് കാര്യങ്ങളിൽ ഇടപെടുന്നുവെന്നും സന്തോഷ് കുമാർ പറഞ്ഞു.

എസ്ഐടിക്ക് കെ മുരളീധരൻ കത്തയച്ചത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നും സിപിഐഎം മെമ്പർ എന്ന പേരിൽ തന്നെ ബോധപൂർവ്വം വലിച്ചിടുന്നുവെന്നും സന്തോഷ് കുമാർ കുറ്റപ്പെടുത്തി. തന്നോട് വ്യക്തി വൈരാഗ്യമാണെന്നും മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും സന്തോഷ് കുമാർ കുറ്റപ്പെടുത്തി. മാനദണ്ഡങ്ങൾ പാലിച്ചാണ് ബോർഡ് സ്ഥലംമാറ്റം നൽകിയത്. എസ്ഐടി ചോദ്യം ചെയ്തതിന്റെ പേരിൽ സ്ഥലംമാറ്റം തടഞ്ഞു വയ്ക്കാൻ ആകില്ലെന്നും സന്തോഷ് കുമാർ വ്യക്തമാക്കി.

പാളി കൊടുത്തുവിടാൻ തീരുമാനിച്ച യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും പി ഡി സന്തോഷ് കുമാർ വ്യക്തമാക്കി. ബോർഡ് തീരുമാനത്തിൽ ഒപ്പുവെച്ചിട്ടില്ലെന്നും സ്വർണ്ണക്കൊള്ളയിൽ ഒരു പങ്കുമില്ലെന്നും വ്യക്തമാക്കിയ സന്തോഷ് കുമാർ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും പറഞ്ഞു. ഏത് രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്നും പി ഡി സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.

ഇതിനിടെ സന്തോഷ് കുമാറിനെ അടക്കം പ്രതിയാക്കി പുതിയ കേസെടുക്കാൻ എസ്ഐടി നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2025-ലെ ദ്വാരപാലക പാളിമാറ്റത്തില്‍ കേസെടുക്കാനാണ് നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്, ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാര്‍, സന്തോഷ് എന്നിവർ പ്രതികളാവും.2025-ല്‍ ഗൂഢാലോചന നടന്നെന്ന നിഗമനത്തിലാണ് എസ്‌ഐടി. പാളികള്‍ കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നും എസ്‌ഐടി വിലയിരുത്തുന്നു. ഇവർക്കൊപ്പം തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണര്‍ രജിലാല്‍, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെയും പ്രതിചേർക്കും. 29-ന് മുന്‍പ് കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാനാണ് എസ്ഐടിയുടെ നീക്കം.

Content Highlights: P D Santhosh Kumar alleges unprecedented ministerial interference in board appointments while criticizing K Muraleedharan. Read the latest political developments and reactions.

dot image
To advertise here,contact us
dot image