

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കി. ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം പുതുക്കി നല്‍കിയില്ല. പകരം ബിആര്‍കെ ബാബുവിനെ ഉള്‍പ്പെടുത്തി. ഒമ്പതംഗ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്. നിലവിലെ കാലാവധി അവസാനിച്ചതാണ് പുറത്താക്കലിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും ഗണേഷ് കുമാറും തമ്മിലുളള കടുത്ത ഭിന്നതയും തര്‍ക്കങ്ങളുമാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന.
'പത്മ കഫേ'യുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയനില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പത്മ കഫെ നിര്‍മ്മാണത്തിനായി നാലുകോടി രൂപ ചെലവഴിച്ചതില്‍ അഴിമതി ആരോപണം ഉയര്‍ന്നതാണ് വിവാദമായത്. അഴിമതി ആരോപണങ്ങളില്‍ പ്രതിഷേധിച്ച് 19 അംഗ ഭരണസമിതിയിലെ 11 പേര്‍ ഒരുമിച്ച് രാജിവെച്ചിരുന്നു. ഭൂരിപക്ഷം അംഗങ്ങളും രാജിവെച്ചതോടെ പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണേഷ് കുമാര്‍ പരാജയപ്പെടാന്‍ കാരണം പത്മ കഫേ വിവാദമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഗണേഷ് കുമാറിനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി ജി സുകുമാരൻ നായര്‍ രംഗത്തെത്തി. 'എല്ലാം ചെയ്തത് ജനാധിപത്യ മര്യാദ അനുസരിച്ചാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വര്‍ഷങ്ങളായി പദവികള്‍ ഇല്ലാതിരിക്കുന്നവര്‍ക്ക് കൊടുക്കണ്ടേ? ഓരോ താലൂക്കിലെ പ്രവര്‍ത്തനം അനുസരിച്ചാണ് അതൊക്കെ. ചിലപ്പോൾ രണ്ടുപേരെ മാറ്റും, മൂന്നുപേരെ മാറ്റും. ഇത്തവണ ഒരാളേയുളളൂ' എന്നാണ് ജി സുകുമാരൻ നായർ പറഞ്ഞത്.
12 പേരുടെ പിന്തുണ ഗണേഷ് കുമാറിന് ഉണ്ടായിരുന്നെന്നും നേതൃത്വത്തിന് കത്ത് കൈമാറിയിരുന്നെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അദ്ദേഹം കേസ് കൊടുക്കട്ടെ എന്നായിരുന്നു ജി സുകുമാരൻ നായരുടെ മറുപടി. 'എന്‍എസ്എസില്‍ ജനാധിപത്യമില്ലെന്ന് ആരെങ്കിലും പറയുമോ? എന്നെ തളളിപ്പറഞ്ഞാല്‍ അവന്റെ അഡ്രസ് കാണുകേല. ആ 12 പേരും കഴിഞ്ഞ കമ്മിറ്റിയിലെ അംഗങ്ങളല്ല' എന്നാണ് ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. ജനാധിപത്യത്തെ മാനിക്കുന്നില്ലെന്നും തന്നെ തളളിയ തീരുമാനം തെറ്റാണെന്നുമാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്.
Content Highlights: KB Ganesh kumar removed from nss director board