ടൂറിസം വികസനമാണ് ലക്ഷ്യമെങ്കിൽ ഇളനീർ മതി; കേന്ദ്രത്തിന്‍റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ വൻ പ്രതിഷേധം

മദ്യനയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ലക്ഷദ്വീപില്‍ നടക്കുന്നത്

ടൂറിസം വികസനമാണ് ലക്ഷ്യമെങ്കിൽ ഇളനീർ മതി; കേന്ദ്രത്തിന്‍റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ വൻ പ്രതിഷേധം
dot image

കവരത്തി: കേന്ദ്രസര്‍ക്കാര്‍ പുതുതായി നടപ്പിലാക്കാന്‍ പോകുന്ന ലക്ഷദ്വീപ് എക്‌സൈസ് റെഗുലേഷന്‍ 2026 പിന്‍വലിക്കണമെന്ന ആവശ്യം ശക്തം. മദ്യനയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ലക്ഷദ്വീപില്‍ നടക്കുന്നത്. മദ്യനയത്തിനെതിരെ ലക്ഷദ്വീപ് അഗത്തിയില്‍ മഹല്ല് ജമാഅത്ത് ഖാസിമാരുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രതിഷേധം നടക്കുകയാണ്. കേന്ദ്രത്തിന്റെ മദ്യനയം ദ്വീപിന്റെ പൈതൃകം തകര്‍ക്കുമെന്നാണ് പറയുന്നത്.

മദ്യനയം പിന്‍വലിക്കണമെന്ന ആവശ്യമാണ് ജനങ്ങള്‍ ശക്തമായി ഉന്നയിക്കുന്നത്. ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ലക്ഷദ്വീപിന്റെ ഇളനീരാണ് വേണ്ടതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മദ്യം ദ്വീപിന്റെ സമാധാനം തകര്‍ക്കുമെന്നും സമാധാനമില്ലാത്തിടത്ത് ടൂറിസം നടക്കില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മദ്യനയം വരുന്നതോടെ ലക്ഷദ്വീപിലെ 47 വര്‍ഷത്തെ മദ്യനിരോധനമാണ് അവസാനിക്കാന്‍ പോകുന്നതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

പുതുതായി നടപ്പിലാക്കാന്‍ പോകുന്ന ലക്ഷദ്വീപ് എക്‌സൈസ് റെഗുലേഷന്‍ 2026 പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാക്കി ദ്വീപ് നിവാസികളും സംഘടനകളും നേരത്തെ രംഗത്തെത്തിയിരുന്നു. പദ്ധതിയില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കവരത്തി ഖാളി ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നിവേദനം സമര്‍പ്പിച്ചിരുന്നു. പദ്ധതി പൂര്‍ണമായും പുനപരിശോധനയ്ക്ക് വിധേയമാക്കുകയും പിന്‍വലിക്കുകയും ചെയ്യണം, മദ്യനിരോധന നയം ശക്തമായി നിലനിര്‍ത്തണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം സമർപ്പിച്ചത്.


നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ച സമയത്ത് ദ്വീപ് നിവാസികളും വിവിധ സംഘടനകളും നിരവധി ആക്ഷേപങ്ങളും എതിര്‍പ്പുകളും ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇവയൊന്നും ദ്വീപ് ഭരണകൂടം പരിഗണിക്കുകയോ ജനപ്രതിനിധികളുമായോ പൊതുജനങ്ങളുമായോ യാതൊരുവിധ ചര്‍ച്ചകളും നടത്തുകയോ ചെയ്യാതെയാണ് റഗുലേഷന്‍ അന്തിമമാക്കിയത്.

Content Highlights: Calls are intensifying to withdraw the proposed Lakshadweep Excise Regulation 2026 introduced by the central government.

dot image
To advertise here,contact us
dot image