

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണാ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്നുപരിശോധിക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇ ഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കുന്നത്. ഇ ഡി സംഘം തിരുവനന്തപുരം എംജി റോഡിലുളള എച്ച്ഡിഎഫ്‌സി ബാങ്കിലെത്തി. വലിയ സുരക്ഷയാണ് ബാങ്കിന് പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ പത്തുമണിയോടെ തന്നെ ഇ ഡി സംഘം ബാങ്കിലെത്തിയിരുന്നു. വീണ ടിയുടെ മരവിപ്പിച്ച അക്കൗണ്ടിന്റെ പരിശോധനയാണ് നടക്കുന്നത്. അതിനാല്‍ വീണയുടെ സാന്നിദ്ധ്യം ആവശ്യമില്ല. ആവശ്യമെങ്കില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ വീണയെ വിളിച്ചുവരുത്തുമെന്നാണ് വിവരം.
കേസിൽ വീണ ടിയെ വീണ്ടും ചോദ്യംചെയ്യാനാണ് ഇ ഡി നീക്കം. പുതിയ സമന്‍സ് ഉടന്‍ നല്‍കും. സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ വീണയ്ക്ക് ഹാജരാക്കാനായില്ലെന്നാണ് ഇ ഡി പറയുന്നത്. വീണയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിൽ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്.
ഐടി സേവനങ്ങള്‍ സംബന്ധിച്ച് സിഎംആര്‍എല്‍ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചര്‍ച്ചയെന്നാണ് വീണ മൊഴി നൽകിയത്. അതിനാല്‍ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്. എക്സാലോജിക് നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന സിസ്റ്റത്തിലായിരുന്നു ചില വിശദാംശങ്ങളെന്നും വീണ ചോദ്യം ചെയ്യലില്‍ പറഞ്ഞു. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടിയുടെ വിനിയോഗം സംബന്ധിച്ച മൊഴികളില്‍ പൊരുത്തക്കേടുകളെന്നും ഇ ഡി പറയുന്നു. എസ്എഫ്‌ഐഒ കുറ്റപത്രത്തിനൊപ്പമുള്ള അനുബന്ധ രേഖകള്‍ ഇ ഡിക്ക് ലഭിച്ചിട്ടില്ല. രേഖകള്‍ കൂടി ലഭിച്ചശേഷമാകും വീണ്ടും സമന്‍സ് അയക്കുക.
Content Highlights: CMRL-Exalogic investigation, ED has opened and inspected the frozen bank locker of Veena T