

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ ഈ മാസം ആകെ മരിച്ചവരുടെ എണ്ണം 5 ആയി. മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശിയാണ് മരിച്ചത്. അതേസമയം സംസ്ഥാനത്ത് 105 പോര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു.19 പേര്‍ എലിപ്പനിക്ക് ചികിത്സ തേടിയിട്ടുണ്ട്. ഇടുക്കിയില്‍ 6 പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 122 പേര്‍ക്ക് ഇന്‍ഫ്‌ളുവന്‍സ രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിന പനിബാധിതരുടെ എണ്ണം 12191 ആണ്.
ഇതിനിടെ കോഴിക്കോട് ജില്ലയില്‍ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. വളയത്ത് അതിഥി തൊഴിലാളിക്കാണ് മലേറിയ സ്ഥിതീകരിച്ചത്. വളയം ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 14 ലാണ് യുപി സ്വദേശിക്ക് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ നാട്ടില്‍ നിന്ന് വളയത്ത് എത്തിയത്. ശക്തമായ പനിയെ തുടര്‍ന്ന് വളയം ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നേരത്തെ അതിഥി തൊഴിലാളി ഉള്‍പ്പടെയുള്ളവര്‍ക്ക് മലേറിയ സ്ഥിരീകരിച്ചിരുന്നു.
കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.
Content Highlights: Kerala reports 12 new Shigella infections and one death, raising concerns over the spread of the bacterial disease. Health authorities urge proper hygiene and prompt medical attention to prevent further infections.
മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗം പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. തട്ടുകടകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യ വില്‍പ്പനശാലകളില്‍ പരിശോധന കര്‍ശനമാക്കുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഉള്‍പ്പടെ പൂട്ടാനാണ് നിര്‍ദേശം. കടകളില്‍ സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും ക്ലോറിനേഷന്‍ ചെയ്ത് പൂര്‍ണമായും ശുദ്ധീകരിച്ച വെള്ളം മാത്രം നല്‍കണമെന്നും ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു.