

തിരുവനന്തപുരം: 'ഓപ്പറേഷന്‍ ഭക്ഷ്യസുരക്ഷ' എന്ന പേരില്‍ ഇന്നലെ സംസ്ഥാനവ്യാപകമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടും അഴിമതിയും. ഇന്നലെ നടന്ന റെയ്ഡില്‍ നാല് ലൈസന്‍സികളെയാണ് വിജിലന്‍സ് സംഘം കയ്യോടെ പിടികൂടിയത്. കൈക്കൂലിയായി വാങ്ങിയ 18.22 ലക്ഷം രൂപയും വിജിലന്‍സ് പിടിച്ചെടുത്തു. സംസ്ഥാനത്തെ അഴിമതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച 'പ്രൊജക്ട് സീറോ' പദ്ധതിയുടെ ഭാഗമായായിരുന്നു ഓപ്പറേഷന്‍ ഭക്ഷ്യസുരക്ഷ എന്ന പേരില്‍ പരിശോധന നടത്തിയത്.
14 എന്‍എഫ്എസ്എ ഗോഡൗണുകളിലും തെരെഞ്ഞെടുത്ത 54 റേഷന്‍ കടകളിലുമാണ് വിജിലന്‍സ് സംഘം ഒരേസമയം ഇന്നലെ പരിശോധന നടത്തിയത്. കരാറുകാര്‍ എന്ന വ്യാജേനയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് റേഷന്‍കട ലൈസന്‍സികള്‍ ഭക്ഷ്യ വസ്തുക്കള്‍ മറിച്ച് വില്‍ക്കാന്‍ തയ്യാറായി. നാല് ലൈസന്‍സികളെയാണ് വേഷം മാറിച്ചെന്ന ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടിയത്. റെയ്ഡില്‍ മിക്ക സ്ഥലത്തും സ്റ്റോക്കും രേഖകളും തമ്മില്‍ വലിയ വ്യത്യാസം കണ്ടെത്തി. പതിനെട്ട് ലക്ഷം രൂപയുടെ ഗൂഗിള്‍പേ വഴിയുള്ള അനധികൃത സാമ്പത്തിക ഇടപാടുകളും വിജിലന്‍സ് പിടികൂടി. ഉപഭോക്താക്കളുടെ പേരില്‍ വ്യാജ ബില്ല് തയ്യാറാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വില്പന നടത്തുന്നുവെന്ന കണ്ടെത്തലുമുണ്ട്.
കൂടാതെ വാതില്‍പ്പടി വിതരണത്തിനുള്ള വാഹനങ്ങളില്‍ ജിപിഎസ് പ്രവര്‍ത്തനരഹിതമായതും ജിപിഎസ് ഘടിപ്പിച്ചവ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളാണ് വിതരത്തിന് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. അഞ്ച് റേഷന്‍കട ലൈസന്‍സിളും നാല് എന്‍എഫ്എസ്എ ഗോഡൗണ്‍ ഉദ്യോഗസ്ഥരും നടത്തിയ സാമ്പത്തിക ഇടപാടുകളും കയ്യോടെ പിടികൂടി. പാലക്കാട് മരുതൂരില്‍ എന്‍എഫ്എസ്എ ഗോഡൗണ്‍ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥന്‍ 12 ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയതായും കൊല്ലത്ത് റേഷന്‍ കട ലൈസന്‍സിക്ക് 3 ലക്ഷംരൂപ ലഭിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സികള്‍, കരാറുകാര്‍, ഇടനിലക്കാര്‍ എന്നിവര്‍ക്കെതിരെ വരും ദിവസങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് വിജിലന്‍സ് നീക്കം.
Content Highlight: Operation Food Safety has uncovered widespread irregularities and alleged corruption in ration shops and NFSA warehouses, raising serious concerns about the public distribution system and food security mechanisms