'മുഖ്യമന്ത്രിയെ ആക്രമിക്കാൻ എത്തിയപ്പോൾ തടയുക മാത്രമാണ് ചെയ്തത്,കോടതിയിൽ കാര്യങ്ങൾ വിശദീകരിക്കും'; ഇ പി ജയരാജൻ

കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നടത്തിയ ആസൂത്രിത ശ്രമമാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഉണ്ടായതെന്നും ഇ പി ജയരാജന്‍ പറഞ്ഞു

'മുഖ്യമന്ത്രിയെ ആക്രമിക്കാൻ എത്തിയപ്പോൾ തടയുക മാത്രമാണ് ചെയ്തത്,കോടതിയിൽ കാര്യങ്ങൾ വിശദീകരിക്കും'; ഇ പി ജയരാജൻ
dot image

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ തനിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് ഇ പി ജയരാജന്‍. ഒരു മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഭീകരന്മാരുടെ രൂപത്തില്‍ എത്തിയപ്പോള്‍ തടയുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് ഇ പി ജയരാജന്റെ വിശദീകരണം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ആക്രമണം നടക്കുന്നതെന്നും കോടതിയില്‍ കാര്യങ്ങളെല്ലാം വിശദീകരിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നടത്തിയ ആസൂത്രിത ശ്രമമാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഉണ്ടായതെന്നും കാര്യങ്ങളെല്ലാം പരിശോധിച്ചാല്‍ കോടതിയ്ക്ക് ഇത്തരം ഒരു അഭിപ്രായം പറയാന്‍ കഴിയില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

'പൊലീസിലായിരുന്നു പരാതിക്കാര്‍ പരാതി നല്‍കേണ്ടിയിരുന്നത്. കോടതി പൊലീസ് അല്ല, കോടതിക്ക് കാര്യങ്ങള്‍ പരിശോധിക്കാം. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നടത്തിയ ആസൂത്രിത ശ്രമമാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഉണ്ടായത്. ഈ കേസില്‍ പ്രതിയും പരാതിക്കാനരുമായിരുന്നില്ല ഞാന്‍. പിന്നെ എന്തുകൊണ്ടാണ് കോടതി എന്റെ പേര് പറഞ്ഞത് എന്ന് അറിയില്ല. പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ. എന്നെ വിചാരണ ചെയ്തിട്ടില്ല. കാര്യങ്ങളെല്ലാം പരിശോധിച്ചാല്‍ കോടതിക്ക് ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ കഴിയില്ല. കേസ് വന്നാല്‍ അതിനെപ്പറ്റി അപ്പോള്‍ പറയാം': ഇ പി ജയരാജന്‍ പറഞ്ഞു.

ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. കേസ് ഒഴിവാക്കി പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടു.


2022 ജൂൺ 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ വന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. സ്വർണക്കടത്ത് വിവാദത്തിനിടെയായിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ തള്ളിയിടുകയായിരുന്നു. സംഭവത്തിൽ ഇൻഡിഗോ അന്വേഷണം നടത്തുകയും ഇപിക്ക് മൂന്ന് ആഴ്ച്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ ഇൻഡിഗോ വിമാനത്തിലെ യാത്ര ഇ പി അവസാനിപ്പിച്ചിരുന്നു. പിന്നീട് പല തവണ ഇൻഡിഗോ അധികൃതർ ഇ പിയെ തീരുമാനത്തിൽ നിന്നും പിൻവാങ്ങാൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നെങ്കിലും കയറില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിന്നു. ഒടുവിൽ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചപ്പോൾ അദ്ദേഹത്തെ കാണാന്‍ ഇ പി ഡല്‍ഹിക്ക് തിരിച്ചത് ഇന്‍ഡിഗോ വിമാനത്തിലായിരുന്നു. അന്നാണ് ഇൻഡിഗോ ബഹിഷ്കരണം ഇ പി അവസാനിപ്പിച്ചത്.

Content Highlights: CPI(M) leader E. P. Jayarajan responded after a court ordered an investigation against him in connection with the alleged assault of Youth Congress workers on an IndiGo flight.

dot image
To advertise here,contact us
dot image