

തിരുവനന്തപുരം: നിപാ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായ്മ തുടരുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപയെ ഒറ്റകെട്ടായി നിന്ന് പ്രതിരോധിക്കേണ്ട ഘട്ടത്തില്‍ നേതൃത്വം കൊടുക്കേണ്ട ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാ ഭരണസംവിധാനവും ഏകോപനമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ പ്രതികരണം ശരിയായ രീതിയിലല്ല. നിപ ബാധയുണ്ടായപ്പോള്‍ അന്നത്തെ പ്രതിപക്ഷം ചെയ്തതുപോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാന്‍ തങ്ങള്‍ തയ്യാറല്ല. നിപ പ്രതിരോധത്തില്‍ എല്ലാ സഹകരണവും ഉണ്ടാവുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
നേരത്തെ നിപ ബാധയുണ്ടായപ്പോള്‍ ആരോഗ്യമന്ത്രി നിപ ബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. അത്തരമൊരു ജാഗ്രത എവിടേയും കാണാനില്ല. നിപ കണ്‍ട്രോള്‍ റൂം ജനപ്രതിനിധികള്‍ അകന്നുനില്‍ക്കേണ്ട സ്ഥലമാണെന്ന നിലയിലാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. നിപയുടെ അതീവ ഗൗരവമായ സൗഹചര്യം ഉയര്‍ന്ന ഘട്ടത്തില്‍ വലിയ തോതില്‍ ആക്ഷേപത്തിനിടയാക്കിയ ഡിഎച്ച്എസിനെ മാറ്റി. പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കേണ്ട ആരോഗ്യവകുപ്പ് തലപ്പത്തിരിക്കുന്നയാളെ മാറ്റുന്നത് സാധാരണ ഗതിയില്‍ പ്രതീക്ഷിക്കുന്നതല്ല. വകുപ്പിലെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സുതാര്യമായി പ്രവര്‍ത്തിക്കുന്ന സംവിധാനം ഉണ്ട്. അത് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടുനിന്നില്ലായെന്നതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് മനസ്സിലാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ മഹാമാരി പ്രത്യക്ഷപ്പെട്ടപ്പോള്‍ ഭരിക്കുന്നവര്‍ക്കെതിരെ ശാപവാക്ക് പറയാന്‍ മിടുക്ക് കാണിച്ച് കയ്യടി വാങ്ങാന്‍ ശ്രമിച്ച ഇപ്പോഴത്തെ ആരോഗ്യമന്ത്രിയോട് പറയാനുള്ളത് അതേ രീതിയിലല്ല ഞങ്ങള്‍ ഇതിനെ കാണുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഉദ്യോഗസ്ഥ മേധാവികളെ കുറ്റപ്പെടുത്തി ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അദ്ദേഹം ശ്രമം നടത്തുന്നതായി കാണുന്നുണ്ട്. രോഗവ്യാപവും വൈറസ് വ്യാപനവും ആര് ഭരിക്കുന്നുവെന്ന് നോക്കിയല്ല നടക്കുന്നത് എന്നത് തിരിച്ചറിയാനുള്ള വിവേകം ആരോഗ്യമന്ത്രി ഉണ്ടായിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.
നിപയ്ക്ക് പുറമെ പലതരത്തിലുള്ള മാരക അസുഖങ്ങള്‍ കേരളത്തില്‍ വരുന്ന അവസ്ഥയുണ്ട്. പാലക്കാട്ട് രണ്ടുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞു. അങ്ങനെ ഇല്ലെന്നാണ് ഡിഎംഒ പറഞ്ഞത്. ആളുകള്‍ക്ക് സംശയം വരും. മരുന്നുകള്‍ എത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണം. ഷിഗെല്ല ആശങ്കയുണ്ടാക്കി. പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കണം. കുടിവെള്ള സ്രോതസുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഔദ്യോഗിക വസതി ഒഴിഞ്ഞുകിട്ടാത്തതിലെ അതൃപ്തിയും പ്രതിപക്ഷ നേതാവ് പ്രകടിപ്പിച്ചു. കന്റോണ്‍മെന്റ് ഹൗസ് ഇതുവരെയും ഒഴിഞ്ഞില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.
Content Highlights: Pinarayi Vijayan has alleged that coordination gaps continue in efforts to prevent the spread of Nipah virus in Kerala