'എന്നെയും പിണറായിയെയും മാറ്റിയിട്ട് ആരെ വെക്കും, അത് നടക്കില്ല'; നേതൃമാറ്റമില്ലെന്ന സൂചനയുമായി എംവി ഗോവിന്ദൻ

നേതാക്കളില്‍ കുറ്റം ചാര്‍ത്തി സ്ഥാനങ്ങളില്‍ നിന്ന് മാറ്റുന്നത് സിപിഐഎം രീതിയല്ലെന്ന് എം വി ഗോവിന്ദന്‍

'എന്നെയും പിണറായിയെയും മാറ്റിയിട്ട് ആരെ വെക്കും, അത് നടക്കില്ല'; നേതൃമാറ്റമില്ലെന്ന സൂചനയുമായി എംവി ഗോവിന്ദൻ
dot image

തിരുവനന്തപുരം: തന്നെയും പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മാറ്റണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും അത് നടക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തന്നെയും പിണറായിയെയും മാറ്റിയിട്ട് വേറെ ആരെ വെക്കുമെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. തിരുവനന്തപുരം മേഖല റിപ്പോര്‍ട്ടിങ്ങിലാണ് എം വി ഗോവിന്ദന്റെ പരാമര്‍ശം.

സെക്രട്ടറിയറ്റ് പുന:സംഘടിപ്പിക്കുമെന്നതും ആലോചനയില്‍ ഇല്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അഴിച്ചുപണിയുമെന്ന പ്രചാരണവും തെറ്റാണ്. നേതാക്കളില്‍ കുറ്റം ചാര്‍ത്തി സ്ഥാനങ്ങളില്‍ നിന്ന് മാറ്റുന്നത് സിപിഐഎം രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. തെരഞ്ഞെടുപ്പിന്റെ റിവ്യൂ വിശദമായി ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. എം വി ഗോവിന്ദനും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം, സിപിഐഎം സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടില്‍ മൂന്ന് പ്രധാന തിരുത്തലുകളുണ്ടായി എന്നുള്ള വിവരവും പുറത്തുവന്നിരുന്നു. സംസ്ഥാന സമിതിയുടെ ആവശ്യമനുസരിച്ച് മൂന്നിടങ്ങളിലാണ് തിരുത്ത്. പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ച ഏറ്റുപറഞ്ഞുകൊണ്ടാണ് ഒന്നാമത്തെ തിരുത്തല്‍. വെള്ളാപ്പള്ളിക്കെതിരെ പ്രസ്താവന നടത്തേണ്ടതായിരുന്നുവെന്നും സമ്മതിക്കുന്നുണ്ട്. സ്വര്‍ണക്കൊള്ളക്കേസില്‍ എ പത്മകുമാറിനെതിരെ നടപടി എടുക്കാനും തീരുമാനമായിരുന്നു.

നടപടി ചര്‍ച്ച ചെയ്യാന്‍ ജില്ലാകമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സംസ്ഥാന സമിതിയില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. മണ്ഡലം കമ്മിറ്റിയിലെ 73 പേരില്‍ 70 പേരും പി കെ ശ്യാമളക്ക് എതിരായിരുന്നു. എന്നിട്ടും സ്ഥാനാര്‍ത്ഥിയായത് ഞെട്ടിച്ചെന്നാണ് കാസര്‍കോടുനിന്നുള്ള അംഗം ചൂണ്ടിക്കാട്ടിയത്. പിന്നാലെയാണ് റിപ്പോര്‍ട്ടില്‍ സ്ഥാനാര്‍ത്ഥിത്വത്തിലെ പിഴവ് കൂടി ഉള്‍പ്പെടുത്തിയത്.

Content Highlights: CPM State Secretary MV Govindan has said that some people want both him and Pinarayi Vijayan removed from their positions, but asserted that such efforts will not succeed.

dot image
To advertise here,contact us
dot image