

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യല്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചതില്‍ ആശങ്കയറിയിച്ച് പ്രത്യേക അന്വേഷണ സംഘം. കെ ബി പ്രദീപിന്റെ നിയമനത്തിലാണ് കേസ് അന്വേഷിക്കുന്ന എസ്‌ഐടിയുടെ ആശങ്ക ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിച്ചത്.
അന്വേഷണ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോരുമെന്നാണ് എസ്‌ഐടി പറയുന്നത്. നിര്‍ണായക രേഖകള്‍ കൈമാറുന്നതിലും ആശങ്കയുണ്ട്. സര്‍ക്കാരിനോട് ആശങ്ക പങ്കുവെയ്ക്കുന്നതില്‍ എസ്‌ഐടിക്ക് സാങ്കേതികത തടസ്സമുണ്ട്. സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചേക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതിന്റെ ഉത്തരവ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് കെ ബി പ്രദീപായിരുന്നു. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്മേല്‍ ദേവസ്വം ബെഞ്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലായിരുന്നു പ്രദീപ് സ്മാര്‍ട്ട് ക്രിയേഷന്‍സിന് വേണ്ടി ഹാജരായത്.
അന്വേഷണത്തിന് എസ്ഐടിയെ നിയോഗിച്ചതോടെ ഹര്‍ജിയില്‍ നിന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സിനെയും ഉണ്ണികൃഷ്ണന്‍ പോറ്റിയെയും അഭിഭാഷകനെയും ഹൈക്കോടതി ഒഴിവാക്കിയിരുന്നു. എസ്ഐടിയുടെ രേഖകള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനും അഭിഭാഷകനും ലഭിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഹൈക്കോടതിയുടെ ഈ നടപടി. തുടര്‍ന്ന് ദേവസ്വം വകുപ്പിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും അഭിഭാഷകരെ മാത്രം ഉള്‍പ്പെടുത്തി പുതിയ ഹര്‍ജി ദേവസ്വം ബെഞ്ച് ഫയലില്‍ സ്വീകരിക്കുകയായിരുന്നു.
ഈ നിലയില്‍ രേഖകള്‍ ലഭ്യമാക്കുന്നതില്‍ നിന്ന് ഹൈക്കോടതി വിലക്കിയ അഭിഭാഷകനെയാണ് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി ഇപ്പോള്‍ ദേവസ്വം വകുപ്പിന്റെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയി നിയമിച്ചിരിക്കുന്നത്. നിയമനത്തോടെ ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട എസ്ഐടി രേഖകള്‍ ലഭിക്കാന്‍ സ്പെഷല്‍ ജിപിയായ കെബി പ്രദീപിന് മുന്നില്‍ തടസങ്ങളില്ല. സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നാലെ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ പരസ്യമായി ന്യായീകരിച്ച അഭിഭാഷകനെത്തന്നെ ദേവസ്വം ബോര്‍ഡിന് വേണ്ടി നിയോഗിക്കുമ്പോള്‍ താല്‍പര്യങ്ങളിലെ വൈരുദ്ധ്യം പ്രകടമാണ്.
2019 ല്‍ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉപയോഗിച്ചതെന്ന് നേരത്തെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് പരിഗണിച്ച കോടതി വ്യക്തമാക്കിയിരുന്നു. 2019ല്‍ പാളിയില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഉണ്ടായിരുന്നില്ല. പാളികള്‍ കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റി പിന്നീട് കൊണ്ടുവന്നത് ചെമ്പുപാളിയാണ്. 474.9 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നും കോടതി കേസ് പരിഗണിക്കവേ പറഞ്ഞിരുന്നു. ഈ നിലയില്‍ സ്വര്‍ണ്ണക്കൊള്ള കേസില്‍ സംശയമുനയിലുഉ്‌ള സ്മാര്‍ട്ട് ക്രിയേഷന്‍സിന് വേണ്ടി ഹാജരായ അഭിഭാഷകനെ തന്നെ പ്രത്യേക പദവി നല്‍കി ദേവസ്വം ബോര്‍ഡ് നിയമിച്ചതിലാണ് നിഗൂഢത നിറയുന്നത്.
Content Highlights: The SIT has raised concerns over the appointment of a lawyer linked to Smart Creations, an accused in the Sabarimala gold case, as Special Government Pleader in the Devaswom Department.