'25ലക്ഷം വായ്പയെടുത്ത് 10ലക്ഷം കണക്കിൽപ്പെടുത്താതെ തരണമെന്ന് നിര്‍ദേശിച്ചു';വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ മൊഴി

തട്ടിപ്പുസംഘത്തിന് മൈക്രോഫിനാന്‍സ് വായ്പ കൊടുക്കാന്‍ വിസമ്മതിച്ചതിന് വെള്ളാപ്പള്ളി നടേശന്‍ അസഭ്യം പറഞ്ഞുവെന്നും മൊഴി നല്‍കി

'25ലക്ഷം വായ്പയെടുത്ത് 10ലക്ഷം കണക്കിൽപ്പെടുത്താതെ തരണമെന്ന് നിര്‍ദേശിച്ചു';വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ മൊഴി
dot image

കൊച്ചി: മൈക്രോഫിനാന്‍സ് വായ്പാ തട്ടിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കൂടുതല്‍ മൊഴികള്‍. എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികളെ പ്രലോഭിപ്പിച്ച് വായ്പയെടുപ്പിച്ച ശേഷം അതില്‍ നിന്ന് വിഹിതം തട്ടാന്‍ ശ്രമിച്ചുവെന്ന ഞെട്ടിക്കുന്ന മൊഴി വിജിലന്‍സിന് ലഭിച്ചു. 25 ലക്ഷം വായ്പയെടുത്ത്, അതില്‍ 10 ലക്ഷം കണക്കില്‍പെടുത്താതെ തനിക്ക് തരണമെന്ന് നിര്‍ദ്ദേശിച്ചുവെന്ന് മൊഴി നല്‍കിയത് ദീര്‍ഘകാലം കുട്ടനാട് യൂണിയന്‍ ഭാരവാഹിയായിരുന്ന പി പി മധുസൂദനന്‍ ആണ്.

'ജനറല്‍ സെക്രട്ടറി രണ്ടുതരത്തിലാണ് ചെയ്തത്. വ്യക്തിപരമായി ലാഭം കിട്ടുന്ന നിലയിലും ഒപ്പം നില്‍ക്കാനും നിര്‍ത്താനും ആഗ്രഹിക്കുന്ന ആളുകളുടെ സപ്പോര്‍ട്ട് കിട്ടാനും ചെയ്യാറുണ്ട്. യൂണിയനുകള്‍ക്ക് കൂടുതല്‍ പൈസ കൊടുത്ത് നിങ്ങള്‍ യഥേഷ്ടം ചെയ്‌തേക്കൂ, നിശ്ചിത തുക ഇങ്ങോട്ട് തന്നേക്കൂവെന്ന് പറയും. ജന്മദിന പരിപാടിക്ക് തന്നെയും യൂണിയന്‍ സെക്രട്ടറി അജിയേയും വിളിപ്പിച്ച് ഒരു സഹായം ചെയ്യണം എന്ന് പറഞ്ഞു. 25 ലക്ഷം രൂപ യൂണിയനുകളിലേക്ക് തരാം. 10 ലക്ഷം രൂപ കണക്കില്‍പ്പെടുത്താതെ തനിക്ക് തരണം. ബാക്ക് 15 ലക്ഷം രൂപ നിങ്ങള്‍ കൈകാര്യം ചെയ്യണം. പതിയെ അടച്ചുതീര്‍ത്താല്‍ മതിയാകും എന്നാണ് പറഞ്ഞത്. പാവംപിടിച്ച യൂണിയന്‍ ഭാരവാഹികളെ ഇത്തരത്തില്‍ ബുദ്ധിമുട്ടിച്ചിട്ടുണ്ട്', മധുസൂദനന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

തട്ടിപ്പുസംഘത്തിന് മൈക്രോഫിനാന്‍സ് വായ്പ കൊടുക്കാന്‍ വിസമ്മതിച്ചതിന് വെള്ളാപ്പള്ളി നടേശന്‍ അസഭ്യം പറഞ്ഞുവെന്നും മൊഴി നല്‍കി. മൂന്നു ശതമാനം പലിശക്ക് പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്ന് വായ്പയെടുത്ത തുക, വകമാറ്റി ചിലവഴിച്ച് 12 ശതമാനം പലിശ നടേശന്‍ ഈടാക്കിയെന്നും മധുസൂദനന്‍ വിജിലന്‍സിനോട് വെളിപ്പെടുത്തി.

തട്ടിപ്പുസംഘങ്ങള്‍ക്ക് മൈക്രോഫിനാന്‍സ് വായ്പ നല്‍കിയ ഇടപാടുകളിലെല്ലാം രേഖകളില്‍ ഒപ്പിട്ടിരിക്കുന്നത് വെള്ളാപ്പള്ളി നടേശന്‍ തന്നെയെന്നും മൊഴി. അതുകൊണ്ട് തന്നെ ഒഴിഞ്ഞുമാറാനോ, വെള്ളാപ്പള്ളി ചെയ്യുന്നത് പോലെ യൂണിയന്‍ ഭാരവാഹികളുടെ മേല്‍ ചാരാനോ കഴിയില്ലെന്നും പിപി മധുസൂദനന്‍ റിപ്പോര്‍ട്ടിനോട് പറഞ്ഞു.

Content Highlights: More statements have reportedly emerged against SNDP Yogam General Secretary Vellappally Natesan in connection with a microfinance loan fraud case

dot image
To advertise here,contact us
dot image