

ആലപ്പുഴ: ഹരിപ്പാട് ഭിക്ഷാടന മാഫിയയില്‍ നിന്ന് രക്ഷപ്പട്ട 14കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കി ശിശുക്ഷേമസമിതി. പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഗീത റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം സിഡബ്ല്യുസി സംരക്ഷണത്തിനേറ്റെടുത്ത കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളെ തമിഴ്‌നാട്ടിലെ അനാഥാലയങ്ങളില്‍ നിന്നാണ് ഭിക്ഷാടനത്തിനായി കൊണ്ടുവരുന്നതെന്ന് കുട്ടിയുടെ മൊഴിയിലുണ്ട്. കേരളത്തില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള ജോലിയോ വിദ്യാഭ്യാസമോ നല്‍കാമെന്ന പേരിലാണ് കുട്ടികളെ കൊണ്ടുവരുന്നത്. ഹരിപ്പാട് മാത്രം ഇരുപതോളം കുട്ടികളാണ് സംഘത്തിലുള്ളത്. സംഘത്തിന്റേത് സംസ്ഥാന വ്യാപകമായ റാക്കറ്റാണെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.
ബാങ്കുകള്‍ക്കും ഹോട്ടലുകള്‍ക്കും മുന്നിലാണ് ഭിക്ഷാടനം നടത്തുന്നത്. 14കാരന്‍ ഒരു മാസം മുമ്പ് തൂത്തുക്കുടിയിലെ അനാഥാലയത്തില്‍ നിന്നാണ് കേരളത്തിലെത്തിയത്. കുട്ടിക്കൊപ്പം അനുജനെയും എത്തിച്ചിട്ടുണ്ട്. ഇരുവരെയും ചെറിയച്ഛന്‍ അന്തോണിയാണ് ഹരിപ്പാടെത്തിച്ചത്. അനുജന്‍ ഇപ്പോഴും ഭിക്ഷാടന സംഘത്തില്‍ തന്നെ ഉണ്ടെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
വരുമാനം കുറഞ്ഞാല്‍ ക്രൂരമര്‍ദ്ദനമുണ്ടാകാറുണ്ടെന്നും കുട്ടി പറഞ്ഞു. ഒരു ദിവസം 1500 രൂപയാണ് കുട്ടികള്‍ക്കുള്ള ടാര്‍ഗറ്റ്. 1000 രൂപയില്‍ താഴെയാണ് ലഭിക്കുന്നതെങ്കില്‍ കുട്ടികളുടെ തലയ്ക്ക് പുറകിലായി മര്‍ദ്ദിക്കും. മര്‍ദ്ദനം സഹിക്കാനാവാതെയാണ് 14കാരന്‍ രക്ഷപ്പെട്ട് ഓടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പിന്നാലെ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായ റോഷിന്റെ സഹായത്തോടെ കുട്ടി സിഡബ്ല്യുസിയില്‍ എത്തുകയായിരുന്നു. നിലവില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ തൃശ്ശൂര്‍ ഉള്ള ബാലഭവനിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഭിക്ഷാടന മാഫിയ സംഘം ഒളിവിലാണ്.
Content Highlights: The Child Rights Commission has directed the SP to register a case and conduct an investigation following shocking revelations made by a 14-year-old who escaped from an alleged begging mafia network in Haripad.