

കൊച്ചി: അന്‍സിബ വിചാരിച്ചാല്‍ തകര്‍ന്നു പോകുന്ന ആളല്ല താനെന്നും സത്യത്തിനും ധര്‍മ്മത്തിനും വിരുദ്ധമായി യാതൊന്നും നാളിതുവരെ ചെയ്തിട്ടില്ലെന്നും നടി ലക്ഷ്മിപ്രിയ. തരം പോലെ ഓരോ ചാനലിലും ഓരോ രീതിയില്‍ പറഞ്ഞത് തന്റെ കയ്യില്‍ തെളിവായി ഉണ്ട്. ഇനിയാണ് യഥാര്‍ത്ഥ നിയമ പോരാട്ടം ആരംഭിക്കുന്നത്. ഇത്രയധികം തന്നെ അധിക്ഷേപിച്ചതിന് അന്‍സിബ ഹസന്‍ ഉത്തരം പറഞ്ഞേ മതിയാവൂവെന്നും ലക്ഷ്മിപ്രിയ ഫേസ്ബുക്കില്‍ കുറിച്ചു. നട്ടാല്‍ കുരുക്കാത്ത കള്ളം പറയുന്ന ആളുകളും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവരും ചെറിയ കാര്യങ്ങളെ ഊതി വീര്‍പ്പിച്ച് വലുതാക്കുന്ന ഈഗോയുള്ള ആളുകളും സമൂഹത്തിന് അപമാനകരം തന്നെയാണെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ അടിസ്ഥാനമില്ലാത്ത വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നതിനാൽ മന:സ്സമാധാനം നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്നില്ല താൻ. നൂറ് ശതമാനവും അടിസ്ഥാനമില്ലാത്ത ഒരു കേസിൽ താൻ എന്തിന് എന്റെ മന:സമാധാനം കെടുത്തണമെന്നും അവർ കുറിച്ചു. പുതുതായി നിർമ്മിക്കുന്ന ഫാമിൽ കോഴി കൃഷി, പശു വളർത്തൽ ഇവ എങ്ങനെ വേണം എന്നതിനെപ്പറ്റി യൂട്യൂബ് വീഡിയോസ് കണ്ടിരിക്കുകയായിരുന്നുവെന്നും അവർ പരിഹാസത്തോടെ കുറിച്ചു.
അന്‍സിബയ്ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും ലക്ഷ്മിപ്രിയ ആവർത്തിച്ചു. അന്‍സിബ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞ് വിവാദം സൃഷ്ടിക്കുകയാണെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും അവർ ആരോപിച്ചിരുന്നു. മത വർഗീയവാദികൾ അൻസിബയുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നുവെന്നും ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു. 'മതചിഹ്നം വരാൻ പാടില്ല എന്നുള്ളതാണ് അൻസിബ വാശിപിടിച്ചത്. അതുകൊണ്ടാണ് മത വർഗീയവാദികൾ പിന്നിലുണ്ട് എന്ന് ഞാൻ പറഞ്ഞത്. അമ്മ ക്ഷേത്രങ്ങളോ പള്ളികളോ ആര് ഫണ്ട് തന്നാലും സ്വീകരിക്കും', ലക്ഷ്മിപ്രിയ പറഞ്ഞു.
ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ്ഐക്കും എതിരെ അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ അന്‍സിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വ്യാജ പരാതിയുടെ മറവില്‍ ലക്ഷ്മിപ്രിയയും വനിതാ എസ്ഐയും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അന്‍സിബയുടെ പരാതി. അതേസമയം അന്‍സിബക്കെതിരെ ലക്ഷ്മിപ്രിയ നല്‍കിയ പരാതി ഗൗരവമുള്ളതല്ലെന്നും പൊലീസ് പറയുന്നു.

അന്‍സിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചത്. തൃക്കാക്കര എസിപിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് അന്‍സിബയെയും ലക്ഷ്മിപ്രിയയെയും ചോദ്യം ചെയ്തിരുന്നു. പുറമേ വനിത എസ്ഐയായ രേഷ്മയുടെയും മൊഴിയെടുത്തു. പിന്നാലെയാണ് പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നത്. അന്‍സിബയെ എസ്ഐ രേഷ്മ മാനസികമായി പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Lakshmipriya Says She Won't Be Broken by Ansiba