'ഇതല്ലേ മാഷേ നേരത്തെ പറഞ്ഞത്'; എം വി ഗോവിന്ദന് മറുപടിയുമായി വി കുഞ്ഞികൃഷ്ണന്‍

'സിപിഐഎം നടപടിയെ ഞങ്ങളുടെ പോരാട്ട വിജയമായി കാണുന്നു. നേരത്തെ ഞങ്ങള്‍ പറഞ്ഞത് പാര്‍ട്ടിക്ക് ഇപ്പോള്‍ അംഗീകരിക്കേണ്ടി വന്നു'

'ഇതല്ലേ മാഷേ നേരത്തെ പറഞ്ഞത്'; എം വി ഗോവിന്ദന് മറുപടിയുമായി വി കുഞ്ഞികൃഷ്ണന്‍
dot image

കണ്ണൂര്‍: കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ കണ്ടെത്താനും തിരുത്താനും പൊതുജനാഭിപ്രായം തേടാനുള്ള സിപിഐഎം നടപടിയില്‍ പ്രതികരിച്ച് പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍. 'ഇതല്ലേ മാഷേ നേരത്തെ പറഞ്ഞത്' എന്ന് വി കുഞ്ഞികൃഷ്ണന്‍ ചോദിച്ചു. ജനങ്ങളുടെ അഭിപ്രായം അറിയാന്‍ പാര്‍ട്ടി തയ്യാറെടുത്തുകഴിഞ്ഞുവെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന അണികള്‍ നേതൃത്വത്തെ തിരുത്തും എന്ന ആഹ്വാനത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

'സിപിഐഎം നടപടിയെ ഞങ്ങളുടെ പോരാട്ട വിജയമായി കാണുന്നു. നേരത്തെ ഞങ്ങള്‍ പറഞ്ഞത് പാര്‍ട്ടിക്ക് ഇപ്പോള്‍ അംഗീകരിക്കേണ്ടി വന്നു. പയ്യന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എന്താണ് വീഴ്ചയെന്ന് പറയാന്‍ സംസ്ഥാന സെക്രട്ടറിക്ക് ബാധ്യതയില്ലേ. സാമ്പത്തിക അഴിമതി അംഗീകരിച്ചാല്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാകുമെന്ന് കരുതി സത്യം മറച്ച് അയാളെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതാണോ വീഴ്ച. ആരോപണ വിധേയനായ അഴിമതിക്കാരന്‍ അല്ലായിരുന്നു ജനവിധി തേടിയിരുന്നതെങ്കില്‍ മത്സര രംഗത്ത് ഉണ്ടാവുമായിരുന്നില്ല. സ്ഥായിയായ പരിഹാരം ലഭിക്കുന്നതുവരെ ഈ വിഷയത്തിന് പ്രാധാന്യമുണ്ട്', വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

Also Read:

പ്രസ്ഥാനത്തെ ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഒറ്റുകൊടുക്കാന്‍ താന്‍ പഠിച്ച കമ്മ്യൂണിസ്റ്റ് ബോധത്തിന് സാധിക്കില്ല. പാര്‍ട്ടിക്കുള്ളില്‍ ബദല്‍ സംവിധാനം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ഗോവിന്ദന്‍ മാഷ് പ്രസ്താവിച്ചത് എന്ത് അടിസ്ഥാനത്തിലാണ്. എന്തൊക്കെയാണെങ്കിലും തങ്ങള്‍ ഈ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

തിരുത്തി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ തങ്ങള്‍ എല്ലാവരുടേയും സഹകരണവും സഹായവും തേടുന്നുവെന്നു പറഞ്ഞായിരുന്നു സിപിഐഎം വാട്‌സാപ്പ് നമ്പര്‍ പുറത്തുവിട്ടത്. പയ്യന്നൂരും തളിപ്പറമ്പും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നും സിപിഐഎം വിലയിരുത്തിയിരുന്നു.

Content Highlights: V Kunjikrishnan has responded to the CPIM initiative to gather public feedback on the factors behind recent political setbacks faced by the Left in Kerala

dot image
To advertise here,contact us
dot image