

കൊച്ചി: കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നാലെ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്. അര്‍ജുന്‍ ആയങ്കി ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. സിഐയെ ഭീഷണിപ്പെടുത്തിയതില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തിരുന്നു.
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതില്‍ അര്‍ജുന്‍ ആയങ്കി അടക്കം ആറ് പേരെ കഴിഞ്ഞമാസം കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ സിഐയെ ഭീഷണിപ്പെടുത്തിയത്. കോതമംഗലം സിഐ പ്രശാന്തിനെതിരെയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ആയങ്കിയുടെ പോസ്റ്റ്.
'കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി പോസ്റ്റ് ആരംഭിക്കുന്നത്. ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ നടപടിയെന്നാണ് അര്‍ജുന്‍ ആയങ്കി പോസ്റ്റില്‍ പറഞ്ഞത്. പൊലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ലെന്നും തങ്ങളിത്രപേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്മേല്‍ മറിച്ച തന്നെ വെറുതെ വിടില്ലെന്നും അര്‍ജുന്‍ ആയങ്കി പോസ്റ്റില്‍ പറഞ്ഞിരുന്നു.
'ഞങ്ങളനുഭവിച്ച ഈ നിയമവിരുദ്ധ അധികാര ദുര്‍വിനിയോഗ പ്രതികാര നടപടി ഇനിയൊരാള്‍ക്കും നേരിടേണ്ടി വരരുത്. നിന്നെപ്പോലുള്ള കാക്കിയിട്ട ചെന്നായ്ക്കളെ നിയമപരമായും, പൊലീസ് ബുദ്ധിയില്‍ നിയമത്തിന്റെ കണ്ണിപൊട്ടിച്ച് രക്ഷപ്പെട്ടാല്‍ കായികപരമായും നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍. നീയും നിന്റെ ഡിപ്പാര്‍ട്ട്‌മെന്റും ഭരണപാര്‍ട്ടിയുടെ ഒത്താശയോടെ ഇനിയുമെന്നെ ദ്രോഹിക്കുമെന്നെനിക്കറിയാം. യുദ്ധപ്രഖ്യാപനം നീയടങ്ങുന്ന സിസ്റ്റത്തിനെതിരെയല്ല, ഈ സിസ്റ്റത്തിലെ കൈക്കൂലിയും കൂട്ടിക്കൊടുപ്പും കൊട്ടേഷനും നടത്തി ചിരിച്ചുകൊണ്ട് നിരപരാധികളുടെ ജീവിതം നശിപ്പിക്കുന്ന പുഴുകുത്തുകളായ നിന്നെപോലുള്ള ക്രിമിനലുകള്‍ക്കെതിരെയാണ്', എന്നും കുറിപ്പിലുണ്ട്.
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ചായിരുന്നു കോതമംഗലം പൊലീസ് അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്റെ കൂട്ടാളികളും കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.
Content Highlights: Following allegations of threatening the Kothamangalam Circle Inspector, police have moved to cancel the bail granted to Arjun Ayanki