

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന് സഹോദര തുല്യനായിരുന്നു സലിം കുമാര്‍. മൂന്ന് പതിറ്റാണ്ടായി ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നത് അനിതരസാധാരണമായ ഹൃദയബന്ധമായിരുന്നു. 1996-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറവൂരിലേക്ക് ആദ്യമായി വി ഡി സതീശന്‍ എത്തിയപ്പോള്‍ ആരംഭിച്ചതാണ് സലിം കുമാറുമായുള്ള ബന്ധം. 2001-ല്‍ വി ഡി സതീശന്‍ ആദ്യമായി നിയമസഭയിലേക്ക് വിജയിച്ചു കയറിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ മുമ്പിലായിരുന്നു സലിം കുമാര്‍.
വി ഡി സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ വളര്‍ച്ചയും സലിം കുമാറിന്റെ സിനിമാ ജീവിതത്തിലെ വളര്‍ച്ചയും ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ ആയിരുന്നു. പൊതുജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ ഒന്നും ഇവരുടെ ഹൃദയ ബന്ധത്തെ ബാധിച്ചില്ല. ഒടുവില്‍ വി ഡി സതീശന്‍ മുഖ്യമന്ത്രിയായതിനു ശേഷം പറവൂരില്‍ നടന്ന പൗരസ്വീകരണത്തില്‍ അനാരോഗ്യം പോലും വകവെയ്ക്കാതെ സലിം കുമാർ എത്തി.

'പറവൂരില്‍ നിന്ന് ഞങ്ങള്‍ ചിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരളത്തിന് സമ്മാനിച്ചു' എന്ന് ഹൃദയത്തില്‍ തൊട്ടുകൊണ്ടാണ് സലിം കുമാര്‍ അന്ന് പറഞ്ഞത്. സലിം കുമാറിന്റെ അവസാന പൊതുപരിപാടി ആയിരുന്നു അത്. ദൃശ്യം മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് പോലെ പത്തു ദിവസം നമ്മളെ മുൾമുനയിൽ നിർത്തിയെന്നും കാത്തിരുന്നത് കൊണ്ട് കേരളത്തിന് പുഞ്ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടിയെന്നും അന്ന് സലിം കുമാർ പറഞ്ഞു. സ്വന്തം ഭാവി പോലും കണക്കിലാക്കാതെ റിസ്‌ക്കെടുത്ത വി ഡി സതീശനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ലെന്നും നടൻ പറഞ്ഞിരുന്നു. ഇതായിരുന്നു സലിം കുമാറിന്റെ അവസാന പ്രസംഗവും.

പ്രിയപ്പെട്ടവന്‍ വേര്‍പിരിഞ്ഞതിന്റെ ഹൃദയഭാരം മുഴുവന്‍ ഇന്ന് പറവൂര്‍ ടൗണ്‍ ഹാളില്‍ എത്തി അന്തിമോപചാരമര്‍പ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ മുഖത്തുണ്ടായിരുന്നു. തന്റെ കൂടെപ്പിറപ്പിനെ നഷ്ടമായ ഹൃദയവേദനയോടെയാണ് മുഖ്യമന്ത്രി എത്തിയത്.
'വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്‍. എന്റെ തെരഞ്ഞൈടുപ്പുകളില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്', ഇതായിരുന്നു സലിമിനെപ്പറ്റി വി ഡി സതീശന്റെ വാക്കുകൾ. പറവൂരില്‍ നിന്ന് 'എന്റെ സതീശേട്ടാ' എന്ന നീട്ടിയുള്ള ആ ചിരിവിളി ഇനിയില്ലെന്ന ബോധ്യവും അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു.

Content Highlights: Salim Kumar Was Like a Brother to Chief Minister VD Satheesan