

മുംബൈ: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) പുതുതായി ആരംഭിച്ച ഇലക്ട്രോണിക് ഗോൾഡ് റെസീപ്റ്റ്സ് (EGR) പ്ലാറ്റ്‌ഫോമിന്, സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്ക് നീട്ടിവെക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവുമായി ബന്ധമില്ലെന്ന് എൻഎസ്ഇ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ ശ്രീറാം കൃഷ്ണൻ. നിലവിലെ ആഗോള സാഹചര്യങ്ങൾക്കും പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കും മാസങ്ങൾക്ക് മുൻപ് തന്നെ ഈ പദ്ധതിയുടെ അണിയറപ്രവർത്തനങ്ങൾ പൂർത്തിയായിരുന്നുവെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
മേയ് 4-നാണ് എൻഎസ്ഇ സ്വർണ വ്യാപാരം കൂടുതൽ സുതാര്യമാക്കാൻ ലക്ഷ്യമിട്ട് ഇജിആർ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഇന്ത്യയുടെ സ്വർണ ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും രാജ്യത്തുടനീളം ഏകീകൃത ആഭ്യന്തര സ്വർണ വിപണി സൃഷ്ടിക്കാനുമുള്ള ദീർഘകാല ലക്ഷ്യത്തോടെയാണ് ഇത് വിഭാവനം ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തുടക്കം ആകസ്മികം മാത്രം
ഇറക്കുമതി സമ്മർദ്ദം കുറയ്ക്കാൻ പ്രധാനമന്ത്രി നടത്തിയ ആഹ്വാനവും എൻഎസ്ഇയുടെ ഈ ലോഞ്ചും ഒരേസമയത്തായത് പൂർണ്ണമായും യാദൃച്ഛികമാണ്. വളരെ കണക്കുകൂട്ടിയുള്ള നീക്കമായി ഇതിനെ വിലയിരുത്തേണ്ടതില്ലെന്ന് പറഞ്ഞ ശ്രീറാം കൃഷ്ണൻ, എങ്കിലും ഇരു നടപടികളുടെയും ആത്യന്തിക ലക്ഷ്യം ഒന്ന് തന്നെയാണെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്ത് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്വർണത്തെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കുകയാണ് ഇജിആറിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യ പ്രതിവർഷം ശരാശരി 700 ടൺ സ്വർണം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇജിആർ ജനപ്രിയമാകുന്നതോടെ ആദ്യ വർഷം തന്നെ 100 മുതൽ 200 ടൺ വരെയുള്ള ഇറക്കുമതി ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ വീടുകളിലും ക്ഷേത്രങ്ങളിലുമായി ഏകദേശം 50,000 ടൺ സ്വർണം വെറുതെ കിടക്കുന്നുണ്ടെന്നാണ് കണക്ക്. വരും നാളുകളിൽ ഈ സ്വർണം ഇജിആറുകളിലേക്ക് മാറുന്ന വലിയൊരു സ്വഭാവിക വ്യതിയാനം വിപണിയിലുണ്ടാകാം. അടുത്ത 2-3 മാസങ്ങൾക്കുള്ളിൽ പ്രമുഖ ബ്രോക്കറേജ് പ്ലാറ്റ്‌ഫോമുകളിൽ ഇജിആർ ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. എൻഎസ്ഇയിൽ ഇതിനോടകം തന്നെ 1,000 ഗ്രാം സ്വർണ്ണക്കട്ടി വിജയകരമായി ഇജിആർ ആയി മാറ്റിയിട്ടുണ്ട്.
നിങ്ങളുടെ പക്കലുള്ള സ്വർണം ഡിജിറ്റൽ സർട്ടിഫിക്കറ്റുകളായി സൂക്ഷിക്കുന്ന സംവിധാനമാണിത്. നിങ്ങളുടെ സ്വർണം പൂർണ്ണ സുരക്ഷിതത്വത്തോടെ സെബി (SEBI) അംഗീകൃത വോൾട്ടുകളിൽ (ലോക്കറുകളിൽ) സൂക്ഷിക്കുമ്പോൾ, അതിന്റെ ഉടമസ്ഥാവകാശം നിങ്ങളുടെ ഡീമാറ്റ് (Demat) അക്കൗണ്ടിൽ ഡിജിറ്റലായി രേഖപ്പെടുത്തും. ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് പോലെ എളുപ്പത്തിൽ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഇവ വ്യാപാരം ചെയ്യാം.
ചെറിയ നിക്ഷേപം: സാധാരണക്കാർക്കും റീട്ടെയിൽ നിക്ഷേപകർക്കും ചെറിയ തുകയ്ക്ക് പോലും ഡിജിറ്റൽ രൂപത്തിൽ സ്വർണ നിക്ഷേപം നടത്താം. 100 മില്ലിഗ്രാം മുതൽ 1 കിലോ വരെ വിവിധ അളവുകളിൽ സ്വർണ്ണം വാങ്ങാന്‍ സാധിക്കും. അതായത് വെറും 700-800 രൂപ ഉണ്ടെങ്കിൽ പോലും നിക്ഷേപം തുടങ്ങാം.
സുരക്ഷിതത്വം: സ്വർണം മോഷണം പോകുമെന്ന ഭയമോ ബാങ്ക് ലോക്കർ ചാർജുകൾ നൽകേണ്ട ബാധ്യതയോ ഇല്ല.
ഗുണനിലവാരം: ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ (LBMA), ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) എന്നിവ നിഷ്കർഷിക്കുന്ന ഗുണനിലവാരമുള്ള സ്വർണം മാത്രമേ ഇജിആർ ആയി മാറ്റാനാകൂ എന്നതിനാൽ ശുദ്ധതയെക്കുറിച്ച് ആശങ്ക വേണ്ട.
ഒന്നാമതായി, അതിന്റെ അടിസ്ഥാന മൂല്യത്തിലാണ് വ്യത്യാസമുള്ളത്. ഇജിആർ (EGR) എന്നത് സെക്യൂർ വോൾട്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന യഥാർത്ഥ ഭൗതിക സ്വർണ്ണത്തിന്റെ (Physical Gold) നേരിട്ടുള്ള ബാക്കപ്പോടെയാണ് വരുന്നത്. അതായത് ഓരോ ഇജിആറിനും തുല്യമായ യഥാർത്ഥ സ്വർണം വോൾട്ടിൽ സൂക്ഷിച്ചിട്ടുണ്ടാകും. എന്നാൽ ഗോൾഡ് ഇടിഎഫ് പ്രതിനിധീകരിക്കുന്നത് സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്ന ഒരു മ്യൂച്വൽ ഫണ്ടിന്റെ യൂണിറ്റുകളെയാണ്.
രണ്ടാമതായി, ഡിജിറ്റൽ രൂപത്തിൽ നിന്ന് യഥാർത്ഥ സ്വർണ്ണമാക്കി മാറ്റുന്നതിലാണ് (Physical Delivery) പ്രധാന വ്യത്യാസം. ഇജിആർ കൈവശമുള്ള നിക്ഷേപകർക്ക് തങ്ങളുടെ ഡിജിറ്റൽ റെസീപ്റ്റുകൾ എളുപ്പത്തിൽ യഥാർത്ഥ ഭൗതിക സ്വർണ്ണമാക്കി മാറ്റി കൈപ്പറ്റാൻ സാധിക്കും. എന്നാൽ ഗോൾഡ് ഇടിഎഫ് നിക്ഷേപത്തിൽ, സാധാരണക്കാരായ റീട്ടെയിൽ നിക്ഷേപകർക്ക് തങ്ങളുടെ യൂണിറ്റുകൾ നേരിട്ട് യഥാർത്ഥ സ്വർണ്ണമാക്കി മാറ്റിയെടുക്കാൻ സാധാരണയായി സാധിക്കാറില്ല. പകരം അതിനെ പണമാക്കി മാറ്റുകയാണ് ചെയ്യുന്നത്.
Content Highlights: Gold prices in Kerala extended their downward trend, offering some relief to buyers. However, despite the recent declines, the price of one pavan remains above ₹114,200, indicating that gold continues to trade at relatively high levels compared to historical averages.