

തൃശൂർ: കരുവന്നൂർ കള്ളപണക്കേസിൽ സിപിഐഎമ്മിന് തിരിച്ചടി. കേസിൽ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് സമൻസ് അയച്ച് കോടതി. പിഎൽഎംഎ കോടതിയുടെതാണ് വിധി. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷണം. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണൻ, എസി മൊയ്തീൻ, എം എം വർഗീസ് അടക്കമുള്ള മുഴുവൻ പ്രതികൾക്കും കോടതി സമൻസ് അയച്ചു. അടുത്തമാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.
കേസിൽ സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം എം വർഗീസ്, മുൻ മന്ത്രി എ സി മൊയ്തീൻ, കെ രാധാകൃഷ്ണൻ എം പി എന്നിവർക്കുപുറമേ സിപിഐഎമ്മിനെയും പ്രതിചേർത്തിരുന്നു. കേസിൽ എ സി മൊയ്തീൻ 67-ാം പ്രതിയും സിപിഐഎം 68-ാം പ്രതിയും എം എം വർഗീസ് 69-ാം പ്രതിയും കെ രാധാകൃഷ്ണൻ 70-ാം പ്രതിയുമാണ്. പ്രതികൾ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്ന് ഇ ഡി കുറ്റപത്രത്തിൽ പറയുന്നുണ്ട്. പാർട്ടിയുടേത് ഉൾപ്പടെ 128.82 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിയിരുന്നു
കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ നേരത്തെ ഇ ഡി കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ മൂന്ന് മുന്‍ സിപിഐഎം ജില്ലാ സെക്രട്ടറിമാരെയടക്കം പ്രതികളാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ വർഷം മെയ് മാസമാണ് രണ്ടാംഘട്ട കുറ്റ പത്രം സമർപ്പിച്ചത്. ആദ്യത്തെ കുറ്റപത്രത്തിൽ 55 പ്രതികളും രണ്ടാമത്തെ കുറ്റ പത്രത്തിൽ 28 പ്രതികളുമാണ് ഉണ്ടായിരുന്നത്. ഇതോടെ മൊത്തം പ്രതികള്‍ 83ആയി ഉയർന്നിരുന്നു. ഇ ഡി അന്വേഷണത്തിനെതിരെ സിപിഐഎം വ്യാപക വിമർശനമാണ് ഉന്നയിച്ചിരുന്നത്. ഇ ഡി രാഷ്ട്രീയ വേട്ട നടത്തുന്നുവെന്നാണ് സിപിഐഎം ആരോപിച്ചിരുന്നത്.
2011-12 മുതൽ തട്ടിപ്പ് നടന്നെന്ന കരിവന്നൂർ ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ 2021 ജൂലൈ 21നാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്. സിപിഐഎം മുൻ പ്രവർത്തകനും ബാങ്ക് ജീവനക്കാരനുമായ എം വി സുരേഷാണ് പരാതി നൽകിയത്. പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നായിരുന്നു പരാതി. പരാതിക്ക് പിന്നാലെ പതിറ്റാണ്ടുകളായി സിപിഐഎം നിയന്ത്രണത്തിലുണ്ടായിരുന്ന ബാങ്ക് ഭരണസമിതിയെ പിരിച്ചു വിട്ടിരുന്നു. സിപിഐഎം നേതാക്കളായ ബാങ്ക് സെക്രട്ടറി അടക്കം ആറുപേരെ പ്രതിയാക്കിയാണ് പൊലീസ് ആദ്യം കേസെടുത്തത്. ആദ്യ അന്വേഷണത്തിൽ 219 കോടിയുടെ ക്രമക്കേടുണ്ടായെന്ന് കണ്ടെത്തിയിരുന്നു. വ്യാജരേഖകൾ ചമച്ചും മൂല്യം ഉയർത്തിക്കാണിച്ചും ക്രമരഹിതമായി വായ്പയനുവദിച്ചും ചിട്ടി, ബാങ്കിന്റെ സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങൽ എന്നിവയിൽ ക്രമക്കേട് കാണിച്ചും വിവിധ തലങ്ങളിലായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയത്. യഥാർത്ഥ ഉടമസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ഭൂമി ഈടുവെച്ച് വ്യാജ വായ്പകൾ അനുവദിച്ചു. ബാങ്ക് അംഗങ്ങളല്ലാത്തവർക്ക് ബിനാമി പേരുകളിലും വ്യാജരേഖകളിലും വായ്പകൾ നൽകി. ഒരേ ഈടിൽ തന്നെ പലതവണ വായ്പകൾ അനുവദിക്കുകയും ചെയ്തു തുടങ്ങിയ ക്രമക്കേടുകൾ അന്വേഷത്തിൽ കണ്ടെത്തിയിരുന്നു. ക്രമക്കേട് വൻ തുകയായതോടെ പൊലീസ് ക്രൈംബ്രാഞ്ച് സ്പെഷൽ ടീമിനെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്ന കേസ് ഇഡി ഏറ്റെടുത്തത്.
Content Highlights: The PMLA Court observed that prima facie evidence exists in the Karuvannur Cooperative Bank fraud case, dealing a setback to the CPI(M)