

കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് മന്ത്രി റോജി എം ജോണ്‍. കോടതി വിധി വ്യക്തമാണെന്നും കുടുംബങ്ങളെ പെരുവഴിയിലാക്കില്ലെന്ന് മുഖ്യമന്ത്രി കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും റോജി എം ജോണ്‍ പറഞ്ഞു. നിലവിലെ ഭൂമിയില്‍ തന്നെ താമസിക്കണം എന്നാണ് സമരസമിതിയുടെ ആവശ്യമെന്നും സമീപത്ത് മറ്റൊരിടം നല്‍കാം എന്ന് സ്ഥലത്തിന് അവകാശവാദം ഉന്നയിച്ച ശങ്കരന്‍ നായര്‍ പറഞ്ഞിട്ടുണ്ടെന്നും റോജി എം ജോണ്‍ വ്യക്തമാക്കി.
'പ്രശ്‌നം രമ്യമായി പരിഹരിക്കണം എന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ചര്‍ച്ചയില്‍ പുരോഗതിയുണ്ട്. നിലവിലെ ഭൂമിയില്‍ തന്നെ താമസിക്കണം എന്നാണ് സമരസമിതിയുടെ ആവശ്യം. സമീപത്ത് മറ്റൊരു ഇടം നല്‍കാമെന്ന് ശങ്കരന്‍ നായരും കുടുംബവും പറഞ്ഞു. ഈ സ്ഥലത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് സ്ഥലം ഒരുക്കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തര്‍ക്കഭൂമിയില്‍ 5 സെന്റ് സ്ഥലം വീതം ലഭ്യമാക്കണം എന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വീട് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കും. ഇരുകൂട്ടരും അത് അംഗീകരിച്ചിട്ടില്ല. ചര്‍ച്ചയിലൂടെ സമവായം കാണാന്‍ നീക്കം തുടരുകയാണ്. കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അഞ്ച് സെന്റ് സ്ഥലം ഒരു കുടുംബത്തിന് നല്‍കും. അവിടെ വീടും സര്‍ക്കാര്‍ പണിത് നല്‍കും': റോജി എം ജോണ്‍ പറഞ്ഞു.
നടന്നത് നല്ല ചര്‍ച്ചയാണെന്നും പല തരത്തിലുമുളള നിര്‍ദേശങ്ങള്‍ വന്നെന്നും പി വി ശ്രീനിജിനും പറഞ്ഞു. കുടുംബങ്ങള്‍ അവിടെ തന്നെ താമസം വേണം എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. ആ പ്രൊപ്പോസല്‍ സര്‍ക്കാരും ശങ്കരന്‍ നായരുടെ കുടുംബത്തിന് മുന്നില്‍ വെച്ചു. കുടുംബങ്ങളുമായി കൂടിയാലോചിച്ച് തീരുമാനം പറയാമെന്ന് പറഞ്ഞു. തിങ്കളാഴ്ച്ച വീണ്ടും ഇരിക്കാമെന്ന് മന്ത്രി പറഞ്ഞു. പോസിറ്റീവ് രൂപത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. സര്‍ക്കാര്‍ തീരുമാനത്തെ പോസിറ്റീവ് ആയി തന്നെയാണ് കാണുന്നത്' ശ്രീനിജിന്‍ പറഞ്ഞു.
ജൂണ്‍ 16 വരെ പാരിയത്തുകാവ് കുടിയൊഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി രാവിലെ ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് മന്ത്രി റോജി എം ജോണിന്റെ അധ്യക്ഷതയില്‍ ചര്‍ച്ച വിളിച്ചത്. ജൂണ്‍ ഒമ്പതിനകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്ന് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി 16 വരെ നീട്ടിവയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.
19 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെട്ട 2.65 ഏക്കറിലാണ് ഏഴ് ദളിത് കുടുംബങ്ങള്‍ ആറ് പതിറ്റാണ്ടിലേറെയായി താമസിച്ചുവരുന്നത്. എന്നാല്‍ ഭൂമി തന്റേതാണ് എന്ന് അവകാശപ്പെട്ട് പ്രദേശവാസിയായ ശങ്കരന്‍ നായര്‍ എന്ന വ്യക്തി നല്‍കിയ കേസില്‍ അനുകൂല വിധി ലഭിക്കുകയും സുപ്രീംകോടതി വരെ അത് ശരിവയ്ക്കുകയുമായിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. നേരത്തെ 15 തവണ അഭിഭാഷക കമ്മീഷന്‍ കുടിയൊഴിപ്പിക്കലിനായി എത്തിയെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടിവന്നു. രണ്ടാഴ്ച്ച മുന്‍പ് നടന്ന കുടിയൊഴിപ്പിക്കല്‍ ശ്രമം വലിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതോടെയാണ് പുതിയ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.
Content Highlights: Positive changes there; roji m john about pariyathukavu eviction discussion with families