

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റിൽ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ടീമിനോട് തോറ്റ് കേരളം ടൂർണമെന്റിൽ നിന്ന് പുറത്ത്. ക്വാർട്ടറിൽ കേരളത്തെ അഞ്ച് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയതോടെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ടീം സെമിഫൈനലിലേക്കും മുന്നേറി. ആദ്യം ബാറ്റ് ചെയ്യാനായി കളത്തിലെത്തിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 331 റസായിരുന്നു നേടിയത്. മഴ വില്ലനായി എത്തിയതോടെ 50 ഓവർ എന്നത് 24 ഓവറില്‍ 201 റണ്‍സ് എന്ന നിലയിൽ വെട്ടിച്ചുരുക്കുകയായിരുന്നു. എന്നാൽ, അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും മൂന്ന് പന്തുകള്‍ ശേഷിക്കെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ടീം ജയിക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് ആനുകൂല്യം കേരളത്തിനൊപ്പമായിരുന്നു. ആദ്യം ബാറ്റിങ്ങിനായി കളത്തിലെത്തിയ കേരളത്തിന് രോഹന്‍ കുന്നുമ്മലും (45) കൃഷ്ണപ്രസാദും (22) ചേര്‍ന്ന് മികച്ച തുടക്കവും നല്‍കി. അവർക്ക് പിന്നാലെ ക്രീസിലെത്തിയ മറ്റ് താരങ്ങളും മികവോടെ തന്നെ ബാറ്റ് വീശി. അങ്ങനെ കേരളത്തിന്റെ സ്‌കോര്‍ 300 കടന്ന് മുന്നേറി. കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടര്‍ന്ന മുഹമ്മദ് അസറുദ്ദീന്‍ 29 പന്തുകളില്‍ 40 റൺസും നായകൻ സല്‍മാന്‍ നിസാര്‍ 61 പന്തുകളില്‍ 75 റൺസും നേടി തിളങ്ങി. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ടീമിനു വേണ്ടി ദേബബ്രത പ്രധാന്‍, സുമിത് മാഥുര്‍, മൃണ്‍മോയ് ദത്ത എന്നിവര്‍ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനായി എത്തിയ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ടീമിന് തങ്ങളുടെ വിജയത്തിൽ നിർണായകമായത് ശുഭം സിങ്ങിന്റെ അത്യുഗ്രൻ ഇന്നിങ്‌സായിരുന്നു. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നെങ്കിലും മറുവശത്ത് ഉറച്ചുനിന്ന ശുഭം സിങ് 82 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ഷോണ്‍ റോജര്‍, ആദിത്യ ബൈജു, സിജോമോന്‍ ജോസഫ്, അശ്വന്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content highlight: Uttarakhand Gold Cup quarter final result