പ്രവേശനോത്സവം ആഘോഷമാക്കി കുരുന്നുകൾ; കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി

കുട്ടികൾ പഠിക്കേണ്ടത് കാലഹരണപ്പെട്ട കാര്യങ്ങളല്ലെന്നും ഏറ്റവും അപ്ഡേറ്റഡ് ആയ കാര്യങ്ങളായിരിക്കണമെന്നും മന്ത്രി എൻ ഷംസുദ്ദീൻ

പ്രവേശനോത്സവം ആഘോഷമാക്കി കുരുന്നുകൾ; കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: മധ്യവേനൽ അവധിക്കുശേഷം പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് സ്കൂളുകൾ ഇന്ന് തുറന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ അധ്യക്ഷത വഹിച്ചു. 2026-27 അധ്യയന വർഷത്തെ സ്കൂൾ കലണ്ടറും പ്രകാശനം ചെയ്തു.

പ്രവേശനോത്സവത്തിൽ തൻ്റെ കുട്ടിക്കാല ഓർമ്മകളും മുഖ്യമന്ത്രി പങ്കുവെച്ചു. ഇവിടെയിരിക്കുമ്പോൾ തന്റെ കുട്ടിക്കാലമാണ് മനസിൽ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്കൂളിലും കോളേജിലുമായി പഠിച്ച 12 വർഷത്തിനിടയിൽ ഒരിക്കൽ പോലും തൻ്റെ വീട്ടിൽ നിന്നും ആരും വന്നിട്ടില്ല. പഠനകാലത്ത് ചില കുസൃതികളൊക്കെ കാട്ടിയപ്പോൾ വീട്ടിൽനിന്ന് ആളെ വിളിച്ചുകൊണ്ടുവരാൻ അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും അതൊക്കെ താൻ തന്നെ കൈകാര്യം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോളേജിൽ പ്രീഡിഗ്രിക്ക് ചേർക്കാൻ വേണ്ടി മാത്രമാണ് അന്ന് രക്ഷിതാക്കൾ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ പുരോഗതിയില്‍ അമ്മമാര്‍ക്ക് വലിയ പങ്ക് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാതാപിതാക്കളും അധ്യാപകരും തമ്മില്‍ മികച്ച സൗഹൃദം ഉണ്ടാകണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മണ്ഡലം നവോന്മേഷത്തോടെ മുന്നേറണം. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്പരം പങ്കുവെയ്ക്കണം. കുട്ടികളുടെ താൽപര്യങ്ങൾ കണ്ടുപിടിക്കണമെന്നും അത് തേടി പിടിക്കുക എന്നതാണ് വലിയ വെല്ലുവിളിയെന്നും വി ഡി സതീശൻ പറഞ്ഞു. ഓരോ മിനിറ്റിലും പുതിയ അറിവുകൾ ഉണ്ടാവുകയാണെന്നും ഓരോ ദിവസവും കുട്ടികളോട് അന്നന്നത്തെ സ്കൂൾ വിശേഷങ്ങൾ ചോദിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

വിജ്ഞാന വിസ്ഫോടനത്തിന്റെ കാലത്താണ് നാം ജീവിക്കുന്നതെന്നും അറിവുകൾ വേഗത്തിൽ കാലഹരണപ്പെട്ടുപോകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി മനുഷ്യബുദ്ധിയേക്കാൾ വേഗത്തിൽ വളരുകയാണ്. മുമ്പ് മനുഷ്യൻ കണ്ടുപിടിച്ച കഠാരയോ തോക്കോ ബോംബോ പ്രവർത്തിക്കാൻ ഒരു മനുഷ്യന്റെ സഹായം ആവശ്യമായിരുന്നു. എന്നാൽ മനുഷ്യചരിത്രത്തിൽ ആദ്യമായി സ്വയം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള കണ്ടുപിടുത്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറുകയാണ്. അറിവ് തേടിയുള്ള അന്വേഷണമാണ് ജീവിതമെന്നും വായനയിലൂടെയും അധ്യാപകരിലൂടെയും മറ്റും പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ കുട്ടികൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനത്തിൽ കുട്ടികൾ പഠിക്കാൻ പോകണം. പെൺകുട്ടികൾ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം കേരളത്തിൽ കൊണ്ടുവരും. വിദേശത്ത് നിന്ന് കുട്ടികൾ ഇവിടെ വന്ന് പഠിക്കും. അതിനുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഉണ്ടാകുമെന്നും അതിനുള്ള കോഴ്‌സുകൾ ഇവിടെയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്നിനെതിരെ അതിശക്തമായ നിലപാടെടുക്കണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

സ്കൂളുകളിലെ യൂണിഫോം, പുസ്തക വിതരണം പൂർത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനും പറഞ്ഞു. കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാൻ കാലം നിയോഗിച്ചത് വി ഡി സതീശനെയാണ്. കുട്ടികൾ പഠിക്കേണ്ടത് കാലഹരണപ്പെട്ട കാര്യങ്ങളല്ലെന്നും ഏറ്റവും അപ്ഡേറ്റഡ് ആയ കാര്യങ്ങളായിരിക്കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസരംഗം ശാക്തീകരിക്കപ്പെടണം. കാലോചിതമായി പരിഷ്കരിക്കപ്പെടുകയും വേണം. ചെറിയ കുട്ടികൾ എല്ലാത്തിനും പ്രാപ്തരാണ്. സഭാകമ്പം ഇല്ലാതെ സംസാരിക്കാൻ അവർക്ക് കഴിയുന്നുണ്ട്. 3.14 ലക്ഷം കുട്ടികൾ നാടിന്റെ ഭാഗധേയം നിർണയിക്കേണ്ടവർ ആണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം മുടങ്ങി. ബിആർസിയിൽ നിന്നുള്ള അധ്യാപകർ എത്താതിരുന്നതിനെ തുടർന്നാണ് പ്രവേശനോത്സവം കാളന്തുരുത്തി ബദൽ വിദ്യാലത്തിലാണ് സംഭവം. മണിക്കൂറുകൾ കാത്തിരുന്ന ശേഷം വിദ്യാർത്ഥികൾ നിരാശരായി മടങ്ങി.

Content Highlight : VD Satheesan Inaugurates Academic Year at Pattom Government Girls HSS

dot image
To advertise here,contact us
dot image