'ആർത്തവം സ്വാഭാവിക പ്രക്രിയ; നാണിക്കാൻ എന്തിരിക്കുന്നു?' വിവാദങ്ങൾക്ക് പിന്നാലെ മലക്കം മറിഞ്ഞ് ആർ ശ്രീലേഖ

ആര്‍ത്തവം നാണക്കേടെന്ന് പറഞ്ഞിട്ടില്ലെന്നും സര്‍ക്കാരിന്റെ നയത്തെയാണ് നാണക്കേടെന്ന് വിശേഷിപ്പിച്ചതെന്നും ശ്രീലേഖ

'ആർത്തവം സ്വാഭാവിക പ്രക്രിയ; നാണിക്കാൻ എന്തിരിക്കുന്നു?' വിവാദങ്ങൾക്ക് പിന്നാലെ മലക്കം മറിഞ്ഞ് ആർ ശ്രീലേഖ
dot image

തിരുവനന്തപുരം: ആര്‍ത്തവ അവധി വിവാദത്തില്‍ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖയുടെ മലക്കംമറിച്ചില്‍. വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വിശദീകരണ പോസ്റ്റുമായി ആര്‍ ശ്രീലേഖ രംഗത്തെത്തിയിരിക്കുന്നത്. ആര്‍ത്തവം നാണക്കേടെന്ന് പറഞ്ഞിട്ടില്ലെന്നും സര്‍ക്കാരിന്റെ നയത്തെയാണ് നാണക്കേടെന്ന് വിശേഷിപ്പിച്ചതെന്നും ശ്രീലേഖ പറഞ്ഞു. ആര്‍ത്തവം സ്വാഭാവിക പ്രക്രിയയാണെന്നും അതില്‍ നാണിക്കാനെന്താണ് ഉള്ളതെന്നും ശ്രീലേഖ ചോദിക്കുന്നു.

'പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി. എന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാതെ ഓരോരുത്തര്‍ ഓരോന്ന് ക്രിയേറ്റ് ചെയ്ത് സ്വന്തം പേജിലൂടെ ഇട്ട് ഹരം കൊള്ളുന്നതിനെ എന്ത് പറയാന്‍! Menstrual dignity എന്ന് പറഞ്ഞ് ഉത്‌ഘോഷിക്കുന്ന സര്‍ക്കാരിന്റെ ഈ നയത്തെയാണ് നാണക്കേടെന്നു ഞാന്‍ പറഞ്ഞത്. ആര്‍ത്തവത്തില്‍ നാണിക്കാനെന്തിരിരിക്കുന്നു? അതൊരു സ്വാഭാവിക പ്രക്രിയയല്ലേ?', ആര്‍ ശ്രീലേഖ പറഞ്ഞു.

ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അതെല്ലാമാണ് സ്ത്രീകളുടെ ശക്തിയെന്നും കഴിഞ്ഞ ദിവസം ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും വിദ്യാലയവും നാട്ടുകാരും എപ്പോഴാണ് ആര്‍ത്തവം എന്ന് അറിയുമെന്നും ഇതാണോ മെന്‍സ്ട്രല്‍ ഡിഗനിറ്റിയെന്നും നാണക്കേടല്ലേയെന്നും അവര്‍ ചോദിച്ചിരുന്നു. അവധി സാധാരണ നിലയില്‍ സമ്മതിക്കുന്ന മാതാപിതാക്കള്‍ ഉണ്ടാവില്ലെന്നും ശ്രീലേഖ കുറിച്ചിരുന്നു.

ആര്‍ത്തവ അവധിയില്‍ സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്. പിന്നാലെ ആര്‍ത്തവ അവധി നല്‍കുന്നതില്‍ സ്ത്രീ സമൂഹത്തില്‍ നിന്ന് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കി. പൊതു നിര്‍ദേശമായി ഉയര്‍ന്നുവന്ന വിഷയം സര്‍ക്കാര്‍ പരിഗണിച്ചു എന്ന് മാത്രമേയുളളുവെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. ആര്‍ത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥിനികളും സ്ത്രീകളുമുണ്ടെന്നും അവരെ ക്ലാസുകളില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും മന്ത്രി പറഞ്ഞു. അവരെ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ആര്‍ത്തവ അവധി സംബന്ധിച്ച് യുഡിഎഫിനകത്ത് അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: R Sreelekha changed her opinion about Mentsrual leave

dot image
To advertise here,contact us
dot image