ക്ഷുഭിതരായ ആളുകളുടെ ഇടയിലൂടെ ഉദ്യോഗസ്ഥര്‍ പോയാല്‍ ഏത് ഗാന്ധിയനായാലും പ്രതികരിക്കും: ഇ പി ജയരാജന്‍

ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്ന് ഇ പി ജയരാജന്‍

ക്ഷുഭിതരായ ആളുകളുടെ ഇടയിലൂടെ ഉദ്യോഗസ്ഥര്‍ പോയാല്‍ ഏത് ഗാന്ധിയനായാലും പ്രതികരിക്കും: ഇ പി ജയരാജന്‍
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യേഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതികരിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ പക്വമായ നിലപാടാണോ സ്വീകരിച്ചതെന്ന് ഇ പി ജയരാജന്‍ ചോദിച്ചു.

'ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഒരു വലിയ ജനക്കൂട്ടം ക്ഷുഭിതരായി പുറത്തുനില്‍ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്കിടയിലേക്ക് കാറുമെടുത്ത് പോകാന്‍ പറ്റുമോ? സ്വാഭാവികമായും പ്രതികരണം ഉണ്ടാകില്ലേ. ഇവിടെ പിണറായിയില്‍ എല്ലാവരേയും മാറ്റി നിര്‍ത്തിയിട്ടല്ലേ അവര്‍ പോയത്', ഇ പി ജയരാജന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചു. ക്ഷുഭിതനായ ആളുകളുടെ ഇടയിലൂടെ ഉദ്യോഗസ്ഥര്‍ പോയാല്‍ ഏത് ഗാന്ധിയനായാലും പ്രതികരിക്കും. ബോധപൂര്‍വ്വമാണ് ഈ സാഹചര്യം ഉണ്ടാക്കിയത്. സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കാന്‍ ആര്‍എസ്എസ്-ബിജെപി-കോണ്‍ഗ്രസ് അജണ്ട നടപ്പിലാക്കി സിപിഐഎമ്മിനെ തകര്‍ക്കാനാണ് ശ്രമം. അങ്ങനെ തകര്‍ക്കാനാകില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ബിനീഷ് കോടിയേരിക്കെതിരായ ഇ ഡി അന്വേഷണത്തില്‍ അന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സാഹചര്യത്തിനനുസരിച്ചായിരിക്കും ഓരോ കാലത്തും പാര്‍ട്ടി നിലപാട്. പഴയകാര്യങ്ങള്‍ ചോദിക്കുന്നത് ദുരുദ്ദേശപരമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 'അന്ന് കോടിയേരിയാണ് പാര്‍ട്ടി സെക്രട്ടറി. അദ്ദേഹം തന്നെ നിലപാട് പറഞ്ഞിട്ടുണ്ട്. ചോദ്യത്തിന് പ്രസക്തിയില്ല', ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: CPIM leader EP Jayarajan reacted to the attack on officials returning after the raid at Pinarayi Vijayan’s residence in the CMRL-Exalogic case

dot image
To advertise here,contact us
dot image