

കൊച്ചി: പാവപ്പെട്ടവനെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനെയും ചേര്‍ത്തുനിര്‍ത്തുന്ന സര്‍ക്കാര്‍ ആയിരിക്കും ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. രാഷ്ട്രീയവും ജാതിയും മറന്ന് തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ ചെയ്യുകയും ചെയ്ത പതിനായിരങ്ങള്‍ താനീ സ്ഥാനത്ത് എത്താന്‍ വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും തന്നെക്കുറിച്ച് ഓര്‍ത്ത് അപമാന ഭാരത്താല്‍ ആര്‍ക്കും തലകുനിക്കേണ്ടി വരില്ലെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കായി പറവൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണകൂടം നികുതിപിരിക്കുന്നത് പൂമ്പാറ്റ പൂവില്‍ നിന്നും തേന്‍ കുടിക്കുന്നത് പോലെ ആകണം. പൂവ് പോലും അറിയരുത്.
ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുകയെന്നും കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളി ഉള്ളതുകൊണ്ടാണ് ധനവകുപ്പ് ഏറ്റെടുത്തതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. തനിക്കായി പറവൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിങ്ങളുടെ ഹൃദയത്തിന്റെ, സ്വപ്നത്തിന്റെ, പ്രാര്‍ത്ഥനയുടെ തേരില്‍ ഏറിയാണ് വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയത്. രാഷ്ട്രീയവും ജാതിയും മറന്ന് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ ചെയ്യുകയും ചെയ്ത പതിനായിരങ്ങള്‍ ഞാനീ സ്ഥാനത്ത് എത്താന്‍ വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. എനിക്കുവേണ്ടി വോട്ട് ചെയ്യാത്തവരും അതിനു വേണ്ടി പ്രാര്‍ത്ഥിച്ചു. എന്നെക്കുറിച്ച് ഓര്‍ത്ത് നിങ്ങള്‍ക്ക് അപമാന ഭാരത്താല്‍ തലകുനിക്കേണ്ടി വരില്ലെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. അപമാന ഭാരത്താല്‍ തലകുനിച്ചു നില്‍ക്കേണ്ട ഒന്നും നിങ്ങളുടെ ജനപ്രതിനിധി ചെയ്യില്ല. നിങ്ങളുടെ ജനപ്രതിനിധി അധികാരത്തിന്റെയും പത്രാസിന്റെയും പുറകെ പോകില്ല. ഭരണകൂടം നികുതിപിരിക്കുന്നത് പൂമ്പാറ്റ പൂവില്‍ നിന്നും തേന്‍ കുടിക്കുന്നത് പോലെ ആകണം. പൂവ് പോലും അറിയരുത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ആകും സര്‍ക്കാര്‍ ശ്രമിക്കുക', വിഡി സതീശൻ പറഞ്ഞു.
ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാട് ഒന്നാകെ മുറവിളി കൂട്ടിയ അനുഭവമുണ്ടായെന്നും ഇത് കേരള ചരിത്രത്തില്‍ തന്നെ വിരളമായിരിക്കുമെന്നും ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മോഹൻലാല്‍. സത്യസന്ധത, സുതാര്യത എന്നിവ മുഖ്യമന്ത്രിയിൽ പ്രകടമാണെന്നും ജീവിതത്തില്‍ മറ്റെന്തൊക്കെ കൈമോശം വന്നാലും ഇവ രണ്ടും കാത്തുസൂക്ഷിക്കാന്‍ ആകട്ടെ എന്ന് ആശംസിക്കുന്നുവെന്നും നടൻ പറഞ്ഞു.
വി ഡി സതീശൻ ഒരു അത്ഭുതമാണെന്നായിരുന്നു കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരാളില്ലെന്ന് ചൂണ്ടിക്കാണിച്ച ശ്രീകുമാരൻ തമ്പി അദ്ദേഹത്തിൻ്റെ സ്വഭാവമാണ് അതിന് കാരണമെന്നും കൂട്ടിച്ചേർത്തു.
വനവാസത്തിന് പോകാൻ നിന്നവനെ പിടിച്ച് ജനങ്ങൾ പട്ടാഭിഷേകം നടത്തിയെന്ന് നടൻ സലിം കുമാറും പറഞ്ഞു. ദൃശ്യം മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് പോലെ പത്തു ദിവസം നമ്മളെ മുൾമുനയിൽ നിർത്തിയെന്നും കാത്തിരുന്നത് കൊണ്ട് കേരളത്തിന് പുഞ്ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടിയെന്നും സലീം കുമാർ വ്യക്തമാക്കി. സ്വന്തം ഭാവി പോലും കണക്കിലാക്കാതെ റിസ്‌ക്കെടുത്ത വി ഡി സതീശനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. നല്ല തുടക്കമെന്നത് പകുതി ചെയ്തതിന് സമമാണ്. ചിരിക്കുന്ന മുഖത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും സലീം കുമാർ കൂട്ടിച്ചേർത്തു.
Content Highlights: vd satheesan says that government will be for the poor people