പ്രതിപക്ഷ നേതാവ് പിണറായി തന്നെ; പി ബി തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു

നേതാക്കളുടെ പെരുമാറ്റം ജനങ്ങളെ അകറ്റിയെന്നും കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം

പ്രതിപക്ഷ നേതാവ് പിണറായി തന്നെ; പി ബി തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു
dot image

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെ തുടരും. പിബി തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ കേന്ദ്ര കമ്മിറ്റിയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. നേതാക്കളുടെ പെരുമാറ്റം ജനങ്ങളെ അകറ്റി എന്നും വിമര്‍ശനമുണ്ട്.

പാര്‍ട്ടിയെ ജനപ്രിയമാക്കി മാറ്റണമെന്നാണ് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം. ജനങ്ങള്‍ക്ക് സ്വീകാര്യതയുള്ള നേതാക്കള്‍ പാര്‍ട്ടി നിലപാട് പറയണം. സര്‍ഗാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങള്‍ പറഞ്ഞു. കെ കെ ശൈലജ, കെ രാധാകൃഷ്ണന്‍ എന്നിവര്‍ ജന സ്വീകാര്യതയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

കേരളത്തിലെ തോല്‍വിയില്‍ സംസ്ഥാന നേതൃത്വം നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയും തള്ളിയിരുന്നു. താഴെ തട്ടിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും കീഴ്ഘടകങ്ങളിലെ പ്രശ്‌നങ്ങള്‍ കൃത്യമായി തന്നെ വിലയിരുത്തേണ്ടതാണെന്നും കേന്ദ്ര കമ്മറ്റി വിലയിരുത്തി. കീഴ്ഘടകങ്ങളിലെ പള്‍സ് അറിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. തോല്‍വിയില്‍ വിശദമായ ചര്‍ച്ചയും വിലയിരുത്തലുകളും വേണമെന്നും അഭിപ്രായം ഉയര്‍ന്നു. ഇതിനായി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും വിളിച്ച് ചേര്‍ക്കും.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ കേന്ദ്ര കമ്മിറ്റിയില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കേരളത്തില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയില്‍ വിശദമായ ചര്‍ച്ചയാണ് കേന്ദ്ര കമ്മറ്റി യോഗത്തില്‍ നടന്നത്. വിലക്കയറ്റം, ഇന്ധന പ്രതിസന്ധി ഉള്‍പ്പെടെ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചയും കഴിഞ്ഞ ദിവസം നടന്നിരുന്നു.

Content Highlights: CPIM Central committee approved Pinarayi Vijayan as opposition leader

dot image
To advertise here,contact us
dot image