'എഎംഎംഎയില്‍ നിന്ന് ഇരുമ്പ് മറ തകര്‍ത്ത് അന്‍സിബ പുറത്തുവന്നിരിക്കുകയാണ്'; പിന്തുണയുമായി ദീദി ദാമോദരൻ

'സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടതുണ്ട് എന്ന് കരുതിയ സ്ത്രീകളെല്ലാം എഎംഎംഎയ്ക്ക് പുറത്താണ്'

'എഎംഎംഎയില്‍ നിന്ന് ഇരുമ്പ് മറ തകര്‍ത്ത് അന്‍സിബ പുറത്തുവന്നിരിക്കുകയാണ്'; പിന്തുണയുമായി ദീദി ദാമോദരൻ
dot image

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ നടി അന്‍സിബ ഹസന് പിന്തുണയുമായി തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. അന്‍സിബയുടെ പ്രതികരണം പോസിറ്റീവായാണ് തോന്നിയതെന്നും എഎംഎംഎയില്‍ നിന്ന് ഇരുമ്പ് മറ തകര്‍ത്ത് അന്‍സിബ പുറത്തുവന്നെന്നും ദീദി ദാമോദരന്‍ പറഞ്ഞു. അന്‍സിബയ്ക്ക് പുറത്തേക്ക് വരേണ്ടിവന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു. 'പ്രതിഷേധിക്കാന്‍ സാധിക്കും എന്നത് പോസിറ്റീവായ കാര്യമാണ്. സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടതുണ്ട് എന്ന് കരുതിയ സ്ത്രീകളെല്ലാം എഎംഎംഎയ്ക്ക് പുറത്താണ്. പുറത്തുനിന്നാണ് അവര്‍ക്ക് സംസാരിക്കേണ്ടി വന്നത്. പുറത്തുനിന്നാലും സംസാരിക്കണം'- ദീദി ദാമോദന്‍ പറഞ്ഞു.

ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് അൻസിബ ഹസൻ ഉന്നയിച്ചത്. എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍ തുടങ്ങിയതാണെന്നും  ഒരു കമ്മിറ്റി ആകുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഒന്നാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വ്യക്തിപരമായി എടുക്കുന്നുവെന്നും അന്‍സിബ ആരോപിച്ചു. 'എന്നെ കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതൊന്നും എന്നോടല്ല, മറ്റ് പലരോടും പറഞ്ഞ് എന്റെ ചെവിയിലെത്തും. അത് ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. ഒരു പെണ്ണിനെ തകര്‍ക്കാന്‍ എളുപ്പം അവിഹിതമാണല്ലോ. അത് പോട്ടെന്ന് വെച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അറപ്പ് തോന്നും' എന്നാണ് അന്‍സിബ പറഞ്ഞത്. റിപ്പോർട്ടർ ടിവിയോടായിരുന്നു അൻസിബയുടെ പ്രതികരണം.

ടിനി ടോം ഇത്തരത്തില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് നടി നീന കുറുപ്പ് തന്നോട് പറഞ്ഞെന്നും അൻസിബ വെളിപ്പെടുത്തി. 'കുടുംബ സംഗമം നടക്കുന്നതിൻ്റെ തലേന്ന് നീന കുറുപ്പ് ചേച്ചിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ആ സമയത്ത് ഞാന്‍ അവിടെയുണ്ടായില്ല. മറ്റുള്ളവര്‍ പറഞ്ഞാണ് ഞാന്‍ ഇക്കാര്യം അറിഞ്ഞത്. ചെറിയ കാര്യങ്ങള്‍ക്കാണ് ബഹളമുണ്ടാക്കുകയും അനാവശ്യ വാക്കുകള്‍ പറയുകയും ചെയ്യുന്നത്', അന്‍സിബ ഹസന്‍ പറഞ്ഞു. നീന കുറുപ്പ് അമ്മ പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ടിനി ടോം വിളിച്ച അസഭ്യ വാക്കുകളും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയതെന്നും അന്‍സിബ ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: 'All the women who thought they should speak up for women in cinema are outside AMMA' - Didi Damodaran

dot image
To advertise here,contact us
dot image