

കൊച്ചി: മോഡലിങ്ങിൻ്റെ മറവില്‍ സെക്‌സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ സംഭവത്തിലെ മുഖ്യപ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു. മരട് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യും. സിന്ധുവിനായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സര്‍ക്കുലർ ഇറക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് സിന്ധുവിനെ കസ്റ്റഡിയിലെടുത്തത്. മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സിന്ധു പൊലിസീന്‍റെ പിടിയിലായത്.
നടന്നത് ക്രൂരമായ, സംഘടിതമായ കുറ്റകൃത്യമാണെന്നും സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ പറഞ്ഞു. ഇരകളെ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടന്നതായി ഇതുവരെ വിവരമില്ലെന്നും ഗുണ്ടാബന്ധത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിന്ധുവിനെ ചോദ്യംചെയ്യുന്നത് വഴി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും താരങ്ങള്‍ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും കാളിരാജ് മഹേഷ്‌കുമാര്‍ പറഞ്ഞു.
മോഡലിങ്ങിൻ്റെ മറവില്‍ മലയാളി പെണ്‍കുട്ടികളെ വിദേശ സെക്‌സ് റാക്കറ്റിന് കൈമാറി ക്രൂര പീഡനത്തിന് ഇരകളാക്കിയ കേസില്‍ മുഖ്യപ്രതിയാണ് സിന്ധു. മോഡലിങ് കെണി ആസൂത്രണം ചെയ്തത് സിന്ധുവാണ് എന്നാണ് പൊലീസ് പറയുന്നത്. ദുബായില്‍ ഫാഷന്‍ ഷോ ഉണ്ടെന്ന് മോഡലുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബായില്‍ എത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തതും വിസയടക്കം നല്‍കിയതും സിന്ധുവാണെന്ന് പൊലീസ് കണ്ടെത്തി. മോഡലിങ് പരിശീലനം, ജോലി, ദുബായ് വീഡിയോ ഷൂട്ട്, ആഢംബര ഹോട്ടലിലെ താമസം, വിനോദയാത്ര തുടങ്ങിയ വാഗ്ദാനങ്ങള്‍ ചെയ്താണ് സിന്ധു യുവതികളെ പ്രലോഭിപ്പിച്ചത്. കേസില്‍ നിലവില്‍ മൂന്നുപേരാണ് പിടിയിലായത്. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് ഇതുവരെ പൊലീസ് പിടിയിലായത്.
നേരിട്ട കൊടുംപീഡനം വെളിപ്പെടുത്തി ഒരു യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി തന്നെ ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പീഡന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. 'കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ലഹരിക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. സിഐടി ആണെന്ന് പറഞ്ഞ് മഹറൂഫ് എന്നയാളാണ് ഭീഷണിപ്പെടുത്തിയത്. എന്നെ ദുബായിലേക്ക് കൊണ്ടുപോയത് സിന്ധു എന്ന സ്ത്രീയാണ്. ഒരു ഷോയ്ക്ക് അമ്പതിനായിരം രൂപ എന്ന വാഗ്ദാനത്തോടെയാണ് ദുബായില്‍ എത്തിച്ചത്. നിരവധി യുവതികള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്' എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
Content Highlights: Sex racket and human trafficking under the guise of modeling; Main accused Sindhu brought to Kochi