

സഞ്ജു സാംസൺ സിക്സടിക്കുമെന്നുള്ള നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ പ്രവചനം വീണ്ടും അച്ചട്ടായി. ചെപ്പോക്കിൽ കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്‌സ് - സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെയായിരുന്നു ബേസിലിന്റെ പുതിയ പ്രവചനം.
ടി20 ലോകകപ്പിനിടെയാണ് ആരാധകർ സമാനമായ പ്രവചനവും പിന്നാലെ സിക്സും കണ്ടത്. അതിന്റെ ആവർത്തനമായിരുന്നു ചെപ്പോക്കിൽ കണ്ടത്.
ബേസിൽ ജോസഫ്, ടോവിനോ തോമസ്, റിയ ഷിബു എന്നിവർ അഭിനയിച്ച 'അതിരടി' സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബേസിൽ അടക്കമുള്ള താരങ്ങൾ ചെന്നൈയിലുണ്ട്. അതിനിടെയാണ് സംഘം കളി കാണാൻ ഗാലറിയിൽ എത്തിയത്.
ബേസിൽ പ്രവചനം നടത്തുമ്പോൾ തൊട്ടടുത്ത് നടി റിയ ഷിബുവുമുണ്ട്. പ്രവചനം തൊട്ടടുത്ത നിമിഷം തന്നെ ഗ്രൗണ്ടിൽ സത്യമായി വന്നതോടെ അവർ അന്തംവിടുന്നു. ഇതിന്റെ വിഡിയോ വൈറലാണ്.
ചെന്നൈ ഇന്നിങ്‌സിന്റെ തുടക്കത്തിലാണ് സിക്സർ വന്നത്. നിതീഷ് കുമാർ റെഡ്ഡിയായിരുന്നു ഹൈദരാബാദിനായി ആദ്യ ഓവർ എറിയാനെത്തിയത്. താരം എറിഞ്ഞ ആദ്യ പന്തുതന്നെ നോബോളായിരുന്നു. ഇതിനു പിന്നാലെയുള്ള ഫ്രീ ഹിറ്റിന് മുമ്പാണ് ബേസിൽ, സഞ്ജു ഈ പന്ത് സിക്‌സടിക്കുമെന്ന് പ്രവചിച്ചത്.
#BasilJoseph Predicting #SanjuSamson's Six and his reaction after that..😄👌🔥
— Laxmi Kanth (@iammoviebuff007) March 9, 2026
pic.twitter.com/JvVTeV4qxd
'സിക്‌സ് അടിക്ക പോറേ, സിക്‌സ് അടിക്ക പോറേ' എന്ന് ബേസിൽ പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇതുകേട്ട് സമീപത്തിരിക്കുന്ന റിയ ഷിബു തംസപ് അടിക്കുന്നു. തുടർന്ന് കാമറ ഗ്രൗണ്ടിലേക്ക് തിരിക്കുന്നതും സഞ്ജു സിക്സർ അടിക്കുന്നതുമാണ് കാണിക്കുന്നത്. ബേസിലിന്റെ പ്രവചനം സത്യമായതിൽ അന്തംവിടുന്ന റിയയെയും കാണാം.
പിന്നാലെ വീണ്ടും കാമറ തിരിക്കുമ്പോൾ ഇതൊക്കെ എന്ത് എന്ന രീതിയിൽ ബേസിൽ എഴുന്നേൽക്കുകയും തന്റെ പുതിയ സിനിമയായ അതിരടിയുടെ തമിഴ് പതിപ്പ് മേയ് 22ന് റിലീസ് ചെയ്യുമെന്ന് എഴുതിയിരിക്കുന്ന ഒരു പേപ്പർ കാണിക്കുകയും ചെയ്യുന്നു. മത്സരത്തിൽ 13 പന്തിൽ 27 റൺസെടുത്താണ് സഞ്ജു പുറത്തായത്.
നേരത്തെ അഹമ്മദാബാദിൽ നടന്ന ന്യൂസിലൻഡിനെതിരെയുള്ള ടി20 ലോകകപ്പ് ഫൈനലിലാണ് ബേസിൽ പ്രവചനം നടത്തിയതും തൊട്ടടുത്ത പന്തിൽ സഞ്ജു സിക്‌സർ പറത്തിയതും. സുഹൃത്തുക്കളായ സൈലം ഗ്രൂപ്പ് സിഇഒ ഡോ. അനന്തുവിനും വൈറൽ താരം നിഹാലിനും ഒപ്പമായിരുന്നു അന്ന് ബേസിലെത്തിയത്. ബേസിലിന് സല്യൂട്ട് നൽകിയാണ് നിഹാൽ സന്തോഷം പങ്കുവച്ചത്.
content highlights:basil joseph sanju samson sixer prediction again viral csk vs srh