'2026ലും 13 ഭാഗ്യമില്ലാത്ത നമ്പർ എന്ന് പറയുന്നത് ലജ്ജാകരം, കഴിഞ്ഞ തവണ ഞാൻ ചോദിച്ചുവാങ്ങിയതാണ്': പി പ്രസാദ്

നവോത്ഥാന കേരളമെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്നിടത്ത് ഇത്തരം അന്ധവിശ്വാസങ്ങള്‍ ഭരണാധികാരികള്‍ മുറുകെ പുണരുന്നത് നല്ല സന്ദേശമല്ല നൽകുകയെന്നും പ്രസാദ് പറഞ്ഞു

'2026ലും 13 ഭാഗ്യമില്ലാത്ത നമ്പർ എന്ന് പറയുന്നത് ലജ്ജാകരം, കഴിഞ്ഞ തവണ ഞാൻ ചോദിച്ചുവാങ്ങിയതാണ്': പി പ്രസാദ്
dot image

കോട്ടയം: വി ഡി സതീശന്‍ സര്‍ക്കാരില്‍ ഒരാളും 13-ാം നമ്പര്‍ കാര്‍ തെരഞ്ഞെടുക്കാത്തത് ലജ്ജാവഹമാണെന്ന് മുന്‍ മന്ത്രി പി പ്രസാദ്. നമ്പറിന്റെ പേരില്‍ വണ്ടി ഒഴിവാക്കേണ്ട കാര്യമില്ലെന്നും 2026-ലും 13-ാം നമ്പര്‍ ഭാഗ്യമില്ലാത്ത നമ്പറാണ് എന്ന് പറയുന്നത് അങ്ങേയറ്റം ലജ്ജാവഹമാണ് എന്നുമാണ് പി പ്രസാദ് പറഞ്ഞത്. പുരോഗമന ചിന്തകള്‍ ഉളള നാട്ടില്‍ ഭരണാധികാരികള്‍ അന്ധമായ വിശ്വാസങ്ങള്‍ മുറുകെ പുണരുന്നത് നല്ല സന്ദേശമല്ലെന്നും ഇത്തരം നിലപാട് സ്വീകരിക്കുന്നത് സയന്റിഫിക് ടെമ്പര്‍ ചോര്‍ന്നുപോകാന്‍ കാരണമാകും എന്നും പ്രസാദ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കഴിഞ്ഞ തവണ ഞങ്ങളത് ചോദിച്ചുവാങ്ങിച്ചതാണ്. 13-ാം നമ്പര്‍ വണ്ടി എല്ലാ കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്നതാണ് എന്നതുകൊണ്ട് എനിക്ക് ആ നമ്പര്‍ അനുവദിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അന്നും പലരും എന്നോട് പറഞ്ഞു നല്ല നമ്പറല്ല, വലിയ പ്രയാസവും പ്രതിസന്ധിയും ഉണ്ടാകും. വീണ്ടും സീറ്റ് കിട്ടണമെന്നില്ല. മത്സരിച്ചാല്‍ പരാജയപ്പെടും എന്നൊക്കെ. പക്ഷെ നമ്പറിന്റെ പേരില്‍ അങ്ങനെ ഒന്നും ഒഴിവാക്കേണ്ടതില്ല. 13 അശുഭമാണെങ്കില്‍ നമ്മള്‍ എവിടെല്ലാം യാത്ര ചെയ്യുന്നു, എത്ര കല്യാണം നടക്കുന്നു, കുഞ്ഞുങ്ങള്‍ ജനിക്കുന്നു. 13 പ്രശ്‌നമുളളതാണെങ്കില്‍ പതിമൂന്നാം തിയതി ട്രെയിനുകള്‍ ഓടരുത്. വിമാനങ്ങള്‍ പറക്കരുത്, വാഹനങ്ങള്‍ ഓടരുത്. 2026-ല്‍ കോണ്ടം ഫിസിക്‌സിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് 13-ാം നമ്പര്‍ ഭാഗ്യമില്ലാത്ത നമ്പറാണെന്ന് പറഞ്ഞ് കാര്‍ ഒഴിവാക്കുന്നത് ലജ്ജാകരമാണ്. നവോത്ഥാന കേരളമെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്നിടത്ത് ഇത്തരം അന്ധമായ വിശ്വാസങ്ങള്‍ ഭരണാധികാരികള്‍ മുറുകെ പുണരുന്നു എന്നത് നല്ല സന്ദേശമല്ല ജനങ്ങളിലേക്ക് എത്തിക്കുന്നത്'- പി പ്രസാദ് പറഞ്ഞു.

വി ഡി സതീശന്‍ മന്ത്രിസഭയിലെ ആരും പതിമൂന്നാം നമ്പര്‍ കാര്‍ തെരഞ്ഞെടുത്തിരുന്നില്ല. മുന്‍പും യുഡിഎഫ് മന്ത്രിസഭയിലെ ആരും പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നില്ല. കഴിഞ്ഞ സര്‍ക്കാരില്‍ കൃഷി വകുപ്പ് മന്ത്രിയായിരുന്ന പി പ്രസാദാണ് പതിമൂന്നാം നമ്പര്‍ കാര്‍ ഉപയോഗിച്ചത്. ആദ്യ പിണറായി സര്‍ക്കാരില്‍ ധനവകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസകാണ് പതിമൂന്നാം നമ്പര്‍ ചോദിച്ചുവാങ്ങി ഉപയോഗിച്ചത്. 2006-ല്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയാണ് പതിമൂന്നാം നമ്പര്‍ വാഹനത്തില്‍ സഞ്ചരിച്ചത്.

Content Highlights: 'It's shameful to say that 13 is an unlucky number in 2026, I asked for it last time' - P Prasad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us